ന്യൂഡൽഹി: ഭൂരിപക്ഷത്തിന്‍റെ ആധിപത്യ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സീറോ മലങ്കര സഭ ആർച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സന്ധിയോ സമരസപെടലോ ഇല്ലാതെ എല്ലാവർക്കും രാജ്യത്ത് കഴിയാനുള്ള സാഹചര്യം ഉണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ സർക്കാറിന് സാധിക്കണം. ചില സംഭവ വികാസങ്ങൾക്ക് ശേഷം മത, രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് തകർച്ച സംഭവിച്ചിട്ടുണ്ടെന്നും ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി.
ഏക സിവിൽ കോഡ് രൂപീകരണത്തിന് മുന്നോടിയായി പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കാൻ ആൾ ഇന്ത്യ മുസ് ലിം പേഴ്സണൽ ലോ ബോർഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ന്യൂസ് 18 വെബ്സൈറ്റിനോടാണ് കത്തോലിക്ക സഭയിലെ പ്രമുഖ വിഭാഗത്തിന്‍റെ അധ്യക്ഷന്‍റെ പ്രതികരണം.
ഏക സിവിൽ കോഡ് വിഷയം ഉയർത്തി കൊണ്ടുവരാനുള്ള സമയമല്ലിതെന്ന് മാർ ക്ലീമിസ് പറഞ്ഞു. ദാരിദ്ര്യ നിർമാർജനം, ഗ്രാമ-നഗര വികസനം, പാവങ്ങളുടെ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതി തുടങ്ങിയ വിഷയങ്ങൾക്കാണ് നിലവിൽ പ്രാധാന്യം നൽകേണ്ടത്. ഏക സിവിൽ കോഡിനെ കുറിച്ച് കാലങ്ങളായി സംവാദങ്ങൾ നടന്നു വരികയാണ്. എന്നാൽ, ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലിതെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.
രാജ്യം സൂപ്പർ പവറാകാൻ വേണ്ടി വികസന പദ്ധതികൾ ഉൾപ്പെടുന്ന യൂനിഫോം സിവിൽ പ്രോഗ്രാമുകൾ നടപ്പാക്കാനാണ് സർക്കാർ മുൻതൂക്കം നൽകേണ്ടത്. ഏക സിവിൽ കോഡിനെകുറിച്ച് തുറന്ന ചർച്ചക്ക് ക്രൈസ്തവ സമുദായം തയാറാണ്. എന്നാൽ, ഭരണഘടന ബലികഴിച്ചു കൊണ്ടുള്ള ഒരു മാറ്റത്തിനും തങ്ങൾ തയാറല്ല. ഇന്ത്യൻ ഭരണഘടന പൂർണമായി പിൻപറ്റുമെന്നും മാർ ക്ലീമിസ് അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.