മുഖ്യമന്ത്രിയെ കാണാൻ ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന സമയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രി വിഡി സതീശനെ കാണുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.30 വരെയായിരിക്കും ഇനി സന്ദർശന സമയം. സെപ്റ്റംബർ 2 (ബുധൻ) മുതൽ പുതിയ ക്രമീകരണം നിലവിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുതിയ ക്രമീകരണപ്രകാരം മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ടെത്തി കാണും. ഇതിനുശേഷമായിരിക്കും ഓഫീസിൽ മറ്റു സന്ദർശകരെയും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവരെയും കാണുക.

മറ്റു ജില്ലകളിൽ നിന്നെത്തുന്നവർക്ക് അനാവശ്യ കാത്തിരിപ്പില്ലാതെ വേഗത്തിൽ പരാതി നൽകുന്നതിനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. ഈ ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.00 വരെ പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.

Tags:    
News Summary - New Visiting Hours Introduced to Meet Chief Minister at Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.