തിരുവനന്തപുരം: ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാരുടെ നിയമനത്തോടെ സംസ്ഥാന കോൺഗ്രസിൽ രൂപപ്പെട്ട കലാപാന്തരീക്ഷത്തിന് ശമനമില്ല. എ, ഐ ഗ്രൂപ്പുകളിലെ ഉന്നത നേതാക്കൾ യോഗംചേർന്ന് നേതൃത്വത്തിനെതിരെ ഒരുമിച്ച് പോരാടാൻ തീരുമാനിക്കുകയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ അനുനയനീക്കത്തോട് വിയോജിക്കുകയും ചെയ്തതോടെ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന നിലപാടിലാണ് ഇരുപക്ഷവും.
തർക്കത്തിൽ ഇതുവരെ പ്രതികരിക്കാൻ തയാറാകാതിരുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഗ്രൂപ്പുകളുടെ ഉന്നം താനാണെന്ന് തിരിച്ചറിഞ്ഞതോടെ തനിക്കെതിരെ പാർട്ടിയിലെ സഹപ്രവർത്തകർ നടത്തുന്ന പടയൊരുക്കത്തിന് ശത്രുപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് പരോക്ഷമായി ആരോപിച്ച് തർക്കത്തിന് പുതിയ മാനം നൽകുകയും ചെയ്തു.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ മതിയായ കൂടിയാലോചന നടത്തിയില്ലെന്നും അതിലൂടെ പാർട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം നേതൃത്വം നഷ്ടപ്പെടുത്തിയെന്നും ആരോപിച്ച് എ, ഐ ഗ്രൂപ്പുകൾ ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ്.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിനുമുമ്പ് മറ്റു നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറായിരുന്നെങ്കിലും തടയിട്ടത് പ്രതിപക്ഷനേതാവിന്റെ പിടിവാശിയാണെന്നാണ് അവരുടെ പരാതി. ഇതിലൂടെ പാർട്ടിയിൽ ഗ്രൂപ്പുകളുടെ പ്രസക്തി ഇല്ലാതാക്കി മേൽക്കോയ്മ ഉറപ്പിക്കാനാണ് സതീശന്റെ ശ്രമമെന്നും അവർ സംശയിക്കുന്നു.
ഈ സാഹചര്യത്തിലാണ് നിലനിൽപ്പ് മുന്നിൽക്കണ്ട് ഒരുമിച്ചുനിന്ന് പ്രതിരോധം തീർക്കാൻ ഇരുഗ്രൂപ്പുകളും തീരുമാനിച്ചത്. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാരുടെ പഠനക്യാമ്പിൽനിന്ന് വിട്ടുനിൽക്കാനും ജില്ലകളിൽ യോഗങ്ങൾ വിളിച്ചുചേർക്കാനുമാണ് ഗ്രൂപ്പുകളുടെ തീരുമാനം.
എന്നാൽ, പുനഃസംഘടനയിൽ കൂടിയാലോചന ഉണ്ടായില്ലെന്നതുൾപ്പെടെ ഗ്രൂപ്പുകളുടെ വിമർശനം അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയാറല്ല. പുനഃസംഘടനയിൽ നേതൃത്വത്തിനുള്ള പ്രത്യേകാവകാശം സത്യസന്ധമായാണ് ഉപയോഗിച്ചതെന്നും സ്വന്തക്കാരെ കുത്തിത്തിരുകാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.