തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂല്യനിർണയത്തിൽ വിഷയ മിനിമം കൊണ്ടുവരുന്നത് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശത്തിൽ കടുത്ത വിയോജിപ്പുമായി സി.പി.എം അനുകൂല സംഘടനകൾ. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിലാണ് സി.പി.എം അനുകൂല സംഘടനകളായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും എതിർപ്പറിയിച്ചത്. എന്നാൽ, മന്ത്രിയുടെ നിർദേശത്തിന് കോൺഗ്രസ്, മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ കോൺക്ലേവിൽ പങ്കെടുത്ത ഭൂരിഭാഗം സംഘടനാ പ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചു. വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാതെയായിരുന്നു സി.പി.എം നേതാവ് മുൻ എം.എൽ.എ പ്രദീപ്കുമാർ സംസാരിച്ചത്.
ഏതെങ്കിലും വിദ്യാർഥികളെ പുറംതള്ളാനുള്ള രീതിയായി പരിഷ്കരണം മാറരുതെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരണത്തെ പിന്തുണക്കുന്നെന്നും എന്നാൽ, പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനായിരിക്കണമെന്നും എം. വിജിൻ എം.എൽ.എ അഭിപ്രായപ്പെട്ടു. താഴ്ന്ന ഗ്രേഡുകളിൽ വിജയിക്കുന്നവരിൽ ഭൂരിഭാഗവും എസ്.സി, എസ്.ടി വിഭാഗത്തിലും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെയും വിദ്യാർഥികളാണെന്നും മിനിമം മാർക്ക് രീതിയിലൂടെ ഈ വിദ്യാർഥികളെ തോൽപ്പിച്ച് അരിച്ചുമാറ്റുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നീസ കോൺക്ലേവിൽ തുറന്നടിച്ചു. കഷ്ടപ്പെട്ട് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന നിലവിലെ രീതി വേണ്ടെന്ന് പറയുന്നത് അപകടകരമാണെന്നായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് ഒ.എം. ശങ്കരന്റെ നിലപാട്. എന്നാൽ, നിരന്തര മൂല്യനിർണയം (സി.ഇ) ശാസ്ത്രീയമാക്കിയും മിനിമം മാർക്ക് തിരികെ കൊണ്ടുവന്നും പരിഷ്കാരം നടപ്പാക്കണമെന്ന് കോൺഗ്രസ് അനുകൂല കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.
പരീക്ഷയിൽ സി.ഇ മാർക്ക് ആധിപത്യം പുലർത്തുന്ന രീതിക്ക് പകരം എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് രീതി അനിവാര്യമാണെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല അഭിപ്രായപ്പെട്ടു. പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിലാണ് പ്രശ്നമെന്നും അതിലാണ് പരിഹാരം വേണ്ടതെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവും വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫും പരിഷ്കരണത്തെ സ്വാഗതം ചെയ്തു. പരിഷ്കാരം ശാസ്ത്രീയമായിരിക്കണമെന്നും ഇരകൾ എസ്.സി, എസ്.ടി വിദ്യാർഥികളായിരിക്കരുതെന്നും എ.ഐ.എസ്.എഫ് നേതാവ് ആർ.എസ്. രാഹുൽ രാജും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുന്നതും മൂല്യനിർണയം പരിഷ്കരിക്കുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് കരിക്കുലം കമ്മിറ്റി ചർച്ചചെയ്തശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ, എസ്.എഫ്.ഐ സംഘടനകളുടെ വിമർശനങ്ങളെ പരോക്ഷമായി മന്ത്രി വിമർശിച്ചു. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ പിന്തള്ളപ്പെടുമെന്ന് പറഞ്ഞ് അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനാകില്ല. ഏതെങ്കിലും കുട്ടിയെ തോൽപിച്ച് മാറ്റിനിർത്തുന്നത് സർക്കാറിന്റെ നയമല്ല. ദേശീയ, സംസ്ഥാന പ്രവേശന പരീക്ഷകളിൽ നമ്മുടെ കുട്ടികൾ പിന്നിലാണ്. ഇവിടെ നല്ല മാർക്കുള്ള കുട്ടി ദേശീയതലത്തിൽ എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു എന്നത് പരിശോധിക്കപ്പെടണം. മാർക്കിന് മാർക്ക് വേണ്ടേ?... താത്വികമായി ഇത്തരം മത്സര പരീക്ഷകളെയെന്നും ഞങ്ങൾ പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ മുന്തിയ പങ്ക് അധ്യാപകർക്ക് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.