തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്ക് സമാനമായി സംസ്ഥാനത്തെ മറ്റു ചില പ്രധാന ക്ഷേത്രങ്ങളിലും സ്വർണം നഷ്ടപ്പെട്ടതായി വിവരാവകാശരേഖ. തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം, കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുള്ള് ദേവി ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്വർണം കാണാതായത്. സ്വദേശ് ദർശൻ പദ്ധതിയിൽ കേന്ദ്രസർക്കാർ ശബരിമല, എരുമേലി, പമ്പ വികസനത്തിന് അനുവദിച്ച 46 കോടി രൂപയിൽ 10 കോടിയിലേറെ സംസ്ഥാനം നഷ്ടമാക്കിയതായും വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു. കൊച്ചി ദേവസ്വം ബോർഡിന്റെ തൃശൂർ ഗ്രൂപ്പായ പഴുവം ദേവസ്വത്തിന് കീഴിലുള്ള പുള്ള് ദേവി ക്ഷേത്രത്തിൽ അഞ്ച് പവൻ 40 ഗ്രാം 500 മില്ലിഗ്രാം തൂക്കം വരുന്ന ഏഴ് സ്വർണമാലകളാണ് നഷ്ടമായത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ മകുടത്തിൽനിന്ന് 663 മില്ലിഗ്രാം, ശ്രീവരാഹം ക്ഷേത്രത്തിലെ പൈതൃക മൂല്യമുള്ള 7.750 ഗ്രാം തൂക്കമുള്ള രണ്ടുമാലകൾ എന്നിവയും നഷ്ടമായി.
പൈതൃക മൂല്യമുള്ളവയായതിനാൽ തൂക്കത്തിനപ്പുറം വൻ വിലമതിക്കുന്നതാണ് ഈ മാലകൾ. മിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന രജിസ്റ്ററില്ലെന്നും വ്യക്തമാകുന്നു. പുള്ള് ദേവി ക്ഷേത്രത്തിൽ 2014 മേയ് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് സ്വർണം നഷ്ടമായത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കൊച്ചി ദേവസ്വം തൃശൂർ ഗ്രൂപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ വിവരാവകാശ രേഖയിലാണ് സ്വർണം നഷ്ടമായ വിവരമുള്ളത്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ രജിസ്റ്ററിൽ മകുടത്തിന്റെ ഭാരം 954.663 ഗ്രാം എന്നാണ് രേഖപ്പെടുത്തിയത്. സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മകുടത്തിന്റെ തൂക്കം 954 ഗ്രാം മാത്രമാണെന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.