ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തിൽ സംശയമുണ്ടെന്ന് കുട്ടിയുടെ വല്യച്ഛൻ ശശികുമാർ പറഞ്ഞു. കുട്ടിയെ കാണാതായ സമയത്ത് പൊലീസും മറ്റു അന്വേഷണ സംഘങ്ങളും മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, അവിടെ ഒന്നും കണ്ടെത്താനായില്ല. അന്ന് അവിടെ കാണാത്ത മൃതദേഹം ഇപ്പോൾ ലഭിച്ചതിൽ ദൂരൂഹതയുണ്ട്. ആരെങ്കിലും അപായപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവച്ചതാവാം. കാണാതായിട്ട് നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്ര പഴക്കമില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കുട്ടി പോയിട്ടില്ല. കുട്ടിയെ കാണാതായത് വ്യൂപോയന്റിൽ നിന്നാണെന്നും ശശികുമാർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായ മണം പിടിച്ചെത്തിയത് സമീപത്തെ ഒരു കടയിലേക്കാണ്. കടയുടമയെ പൊലീസ് ഇതു ചോദ്യം ചെയ്തിട്ടില്ല, പ്രദേശവാസികളിൽനിന്നും വിവരങ്ങൾ തേടിയില്ലെന്നും കുടുംബം ആരോപിച്ചു. എന്നാൽ, കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഒന്നും തള്ളികളയില്ലെന്നും ചിക്കമഗളൂർ പൊലീസ് മേധാവി പറഞ്ഞു. ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തുമെന്നും സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം നൽകി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയാൽ മൃതദേഹവുമായി കുടുംബം ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കും.
ശ്രീനന്ദയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. അതുകൊണ്ട് സെൽഫി എടുക്കാൻ കുന്നിൻ മുകളിൽ എത്തുന്ന സാഹചര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു. അപകടം നടന്നുവെന്ന് പറയുന്നതിന് മുമ്പ് ബന്ധുക്കളുൾപ്പെടെയുള്ളവർ ആ സ്ഥലത്ത് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയുന്നതെന്നും കുടുംബം പറഞ്ഞു. കുട്ടിയെ തട്ടികൊണ്ടുപോയതാക്കാമെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷ്-രോഹണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.
സമീപത്തുനിന്ന് 10 കിലോമീറ്റർ ദൂരത്ത് മാത്രമാണ് സി.സി.ടി.വിയുള്ളത്. എന്നാൽ, അത് പ്രവർത്തനരഹിതമാണ്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടെത്തുന്നതിന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം നാലിനാണ് കുട്ടിയുടെ കുടുംബമുൾപ്പെടെ 40 അംഗ സംഘം വിനോദയാത്രക്ക് പോയത്. വെള്ളിയാഴ്ച 12.30നായിരുന്നു ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. കാണാതായ സ്ഥലത്തുനിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കർണാടക പൊലീസിനോപ്പം കേരളത്തിലെ പ്രത്യേക പൊലീസ് സംഘവുമുണ്ട് പങ്കുചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.