ചിക്ക്മഗളൂരു: വിനോദയാത്രക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ചിക്ക്മഗളൂരുവിലെ ജില്ല ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശ്രീനന്ദനയുടെ ശരീരത്തിൽ സംശയാതീതമായി മുറിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് വന്നാൽ മാത്രമാണ് വ്യക്തത വരികയുള്ളൂവെന്നും ഇതുവരെയുള്ള കര്‍ണാടക പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തും പരിസരത്തും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും രമേശ് പറഞ്ഞു. മരണത്തിലേ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മരണത്തിൽ സംശയമുണ്ടെന്ന് കുട്ടിയുടെ വല്യച്ഛൻ ശശികുമാർ പറഞ്ഞു. കുട്ടിയെ കാണാതായ സമയത്ത് പൊലീസും മറ്റു അന്വേഷണ സംഘങ്ങളും മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, അവിടെ ഒന്നും കണ്ടെത്താനായില്ല. അന്ന് അവിടെ കാണാത്ത മൃതദേഹം ഇപ്പോൾ ലഭിച്ചതിൽ ദൂരൂഹതയുണ്ട്. ആരെങ്കിലും അപായപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവച്ചതാവാം. കാണാതായിട്ട് നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്ര പഴക്കമില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കുട്ടി പോയിട്ടില്ല. കുട്ടിയെ കാണാതായത് വ്യൂപോയന്റിൽ നിന്നാണെന്നും ശശികുമാർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായ മണം പിടിച്ചെത്തിയത് സമീപത്തെ ഒരു കടയിലേക്കാണ്. കടയുടമയെ പൊലീസ് ഇതു ചോദ്യം ചെയ്തിട്ടില്ല, പ്രദേശവാസികളിൽനിന്നും വിവരങ്ങൾ തേടിയില്ലെന്നും കുടുംബം ആരോപിച്ചു. എന്നാൽ, കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഒന്നും തള്ളികളയില്ലെന്നും ചിക്കമഗളൂർ പൊലീസ് മേധാവി പറഞ്ഞു.
സമീപത്തുനിന്ന് 10 കിലോമീറ്റർ ദൂരത്ത് മാത്രമാണ് സി.സി.ടി.വിയുള്ളത്. എന്നാൽ, അത് പ്രവർത്തനരഹിതമാണ്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടെത്തുന്നതിന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം നാലിനാണ് കുട്ടിയുടെ കുടുംബമുൾപ്പെടെ 40 അംഗ സംഘം വിനോദയാത്രക്ക് പോയത്. വെള്ളിയാഴ്ച 12.30നായിരുന്നു ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. കാണാതായ സ്ഥലത്തുനിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കർണാടക പൊലീസിനോപ്പം കേരളത്തിലെ പ്രത്യേക പൊലീസ് സംഘവുമുണ്ട് പങ്കുചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.