ശ്രീകൃഷ്ണപുരം എഞ്ചിനിയറിങ് കോളജ് വിദ്യാർഥികൾ കരിമ്പുഴപുഴയിൽ മുങ്ങി മരിച്ചു

ശ്രീകൃഷ്ണപുരം: ഗവ. എഞ്ചിനിയറിങ് കോളജിലെ വിദ്യാർഥികൾ കരിമ്പുഴപുഴയിൽ മുങ്ങി മരിച്ചു. കരിമ്പുഴ തെരുവിൽ കള്ള് ഷാപ്പിന് പിറകിലുള്ള പാറക്കെട്ടുകൾ നിറഞ്ഞ കടവിലാണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് വിദ്യാർഥികളാ‍യ കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസ്-നബീസത്തുൽ മിസ്രിയ ദമ്പതികളുടെ മകൻ ഫഹദ് (21), പാലക്കാട് കൊല്ലങ്കോട് നെന്മിനി എ.എൽ.പി. സ്കൂളിന് സമീപമുള്ള കറുപ്പസ്വാമി-ബേബി ദമ്പതികളുടെ മകൻ ആദർശ് (24) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഫഹദും ആദർശും ഉൾപ്പെടുന്ന ഒരു സംഘം വിദ്യാർഥികൾ മൂന്നര മണിയോടെയാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവരും ഒഴുക്കിൽപെട്ടു. മറ്റ് വിദ്യാർഥികൾ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം വിഫലമായതോടെ സമീപ പ്രദേശത്തെ ആളുകളെ വിവരമറിയിച്ചു. വട്ടമ്പലത്ത് നിന്ന് അഗ്നിശമനസേനയും ശ്രീകൃഷ്ണപുരം പൊലീസും കരിമ്പുഴ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

ചുറ്റും പാറക്കെട്ടുകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായെങ്കിലും വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായില്ല. ശ്രീകൃഷ്ണപുരം ട്രോമ കെയർ അംഗങ്ങളും അഗ്നിശമനസേനയും ചേർന്നാണ് കുട്ടികളെ പുറത്തെടുത്തത്. രണ്ടാൾ ആഴമുള്ള കടവിൽ ഇടക്കിടെ അപകടമുണ്ടാകാറുണ്ടെന്നും ഇതിനോടകം ആറ് മരണങ്ങൾ സംഭവിച്ചതായും സമീപവാസികൾ പറഞ്ഞു.

Tags:    
News Summary - Sreekrishnapuram Engineering College students drowned in Karimpuzha Puzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.