തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സാമുദായിക സംവരണം അട്ടിമറിച്ചെന്ന പരാതി ശരിവെച്ച് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോർട്ട്. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുൻ വൈസ് ചെയർമാൻ കെ.വി. സച്ചിദാനന്ദൻ ചെയർമാനും ഡോ. വിനോദ് കെ. സിങ്, ഡോ. ബി.എൻ. ഗംഗാധർ, പ്രഫ. കെ. ജയപ്രസാദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് കേന്ദ്രമന്ത്രി ഡോ. ഹർഷവർധന് റിപ്പോർട്ട് സമർപ്പിച്ചത്.
എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗം സംവരണത്തിൽ ശ്രീചിത്രയും ദേശീയ നയം പിന്തുടരണമെന്ന് കമ്മിറ്റി നിർദേശിച്ചു. പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പരാജയപ്പെട്ടു. ചട്ടങ്ങൾ ഭേദഗതി വരുത്തിയശേഷവും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയിൽ എസ്.സി-എസ്.ടി, ഒ.ബി.സി അംഗം (നിരീക്ഷകനെന്ന നിലയിൽ) ഉണ്ടായില്ല. ഇക്കാര്യത്തിൽ 2019 മുതൽ കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ സെലക്ഷൻ കമ്മിറ്റി പാലിച്ചില്ല. സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി മനദണ്ഡം പാലിക്കുന്നില്ലെന്ന പരാതി ശരിയാണെന്നും കണ്ടെത്തി.
നടപടിക്രമങ്ങൾ പാലിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ (അഡ്മിൻ) ഒഴിവ് നികത്തണം. നിലവിലെ ഡെപ്യൂട്ടി ഡയറക്ടർക്കും പി.ആർ.ഒക്കുമെതിരെ പരാതികളുണ്ട്. യോഗ്യരായ, പരിചയസമ്പത്തുള്ളയാളെ പി.ആർ.ഒ ആയി നേരിട്ട് െതരഞ്ഞെടുക്കാം. അല്ലെങ്കിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കണം. സ്ഥാപന മേധാവി ഉൾപ്പെടെയുള്ളവർ വിദ്വേഷത്തോടെ െപരുമാറുന്നതായും പരാതിയുണ്ട്. വകുപ്പ് മേധാവികൾ നേതൃത്വനിലവാരം പുലർത്തുകയും പരസ്പരം നല്ല ബന്ധം നിലനിർത്തുകയും വേണം.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പരാതിപരിഹാര കമ്മിറ്റി രൂപവത്കരിക്കണം. ഭരണസമിതി പ്രസിഡൻറ് അപ്പീൽ പരാതി നൽകുന്നതിന് ഉന്നതല കമ്മിറ്റിക്ക് രൂപംനൽകണം. സ്ഥാപനത്തിലുള്ളവർ അതിെൻറ ചെയർമാൻ ആവരുത്. എല്ലാ അക്കാദമികേതര തസ്തികകളിലേക്കും (ബിയും സിയും) മത്സര പരീക്ഷയിലൂടെ െതരഞ്ഞെടുപ്പ് നടത്തണം. പരീക്ഷ നടത്തേണ്ടത് സർക്കാർ റിക്രൂട്ട്മെൻറ് ബോഡിയാകണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.