ഇന്ദോര്‍/കൊച്ചി: മലയാളിയായ സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. പ്രാര്‍ഥനകളുടെയും കൃതജ്ഞതസ്തുതികളുടെയും പശ്ചാത്തലത്തില്‍ അഞ്ച് കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ അറുപതോളം മെത്രാന്മാരുടെയും നൂറുകണക്കിന് വൈദികരുടെയും സന്യാസിനികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ മധ്യപ്രദേശിലെ ഇന്ദോര്‍ സെൻറ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് പ്രഖ്യാപന ശുശ്രൂഷകള്‍ നടന്നത്. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ.
വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിെൻറ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയിലാണ് പ്രഖ്യാപന ശുശ്രൂഷ നടന്നത്. റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്താൻ ഇന്ദോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. സിസ്റ്ററുടെ ലഘുജീവചരിത്രം വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി ഇംഗ്ലീഷിലും സത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ ഹിന്ദിയിലും വായിച്ചു. തുടര്‍ന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
റാഞ്ചി ആർച് ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ, സി.ബി.സി.ഐ പ്രസിഡൻറ് മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മുംൈബ ആർച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച് ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഭോപാല്‍ ആർച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഇന്ദോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്കരനാസ്, വത്തിക്കാനിലെ നാമകരണ കാര്യാലയത്തിെൻറ സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോ തുടങ്ങി വിദേശത്തുനിന്നുൾപ്പെടെ അറുപതോളം മെത്രാന്മാര് പെങ്കടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും സാമൂഹിക, മതരംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു. കുടുംബാംഗങ്ങള്‍, വൈദികര്‍, സമര്‍പ്പിതര്‍, അൽമായര് എന്നിവരുള്‍പ്പെടെ പന്ത്രണ്ടായിരത്തോളം പേര് പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുത്തു. റാണി മരിയയുടെ ഘാതകന് സമുന്ദര്‍ സിങ്ങും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.