മുസ്​ലിം ലീഗിനെതിരെ വെറുപ്പ്​ പ്രചരിപ്പിക്കുന്നത്​ സമസ്ത പാരമ്പര്യത്തിന്​ വിരുദ്ധം -അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി

കോഴിക്കോട്​: സമുദായ രാഷ്ട്രീയ ശക്തിയായ മുസ്​ലിം ലീഗിനെ സംരക്ഷിക്കുന്നതിന്​ പകരം അതിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമം 'സമസ്ത' വിരുദ്ധമാണെന്നും സമസ്ത പാരമ്പര്യങ്ങളുടെ ലംഘനമാണെന്നും കോഓഡിനേഷൻ ഓഫ്​ ഇസ്​ലാമിക്​ കോളജസ്​ (സി.ഐ.സി) മുൻ ജന.​ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. ഫേസ്​ബുക്​ പോസ്​റ്റിലൂടെയാണ്​ സമസ്തയിലെ ലീഗ്​ വിരുദ്ധർക്കെതിരെ ഹക്കീം ഫൈസി ആഞ്ഞടിച്ചത്​.

ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സമസ്ത പ്രവർത്തകർ കൂടിയായിരുന്നു. അവർക്ക് രണ്ടിടങ്ങളിലും (ലീഗിലും സമസ്തയിലും) സ്വസ്ഥമായി തുടരാൻ കഴിഞ്ഞു. ദൗർഭാഗ്യകരമെന്നു പറയട്ടെ, കുറച്ചുകാലമായി ഈ രണ്ടു പ്രവർത്തനമണ്ഡലങ്ങളും അനാരോഗ്യകരമായ പാരസ്പര്യ ഭീഷണിയിലാണ്. സമസ്ത അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുമുഖ ലക്ഷ്യങ്ങളിൽ വിശ്വാസ രംഗത്തുണ്ടാകുന്ന അസ്വീകാര്യമായ ഉൽപതിഷ്ണുത്വത്തെ പ്രതിരോധിക്കുക എന്ന കാര്യം പ്രധാനമായും കർമശാസ്ത്ര വിധികൾ പറയുക എന്ന കാര്യം രണ്ടാമതായും ആക്ടിവേറ്റു ചെയ്യുന്നതായേ ഇതുവരെ കണ്ടുവന്നിട്ടുള്ളൂ. ഈ പതിവ് തെറ്റിച്ച്​ നേരെ രാഷ്ട്രീയ കാര്യങ്ങളിൽ തലയിടുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലീഗിനെ അതീവ സമ്മർദത്തിലാക്കുകയും ചെയ്യുന്ന സമസ്ത പാരമ്പര്യവിരുദ്ധ നീക്കം ചിലരിൽ നിന്നുണ്ടാകുന്നു. ഇത് മുസ്‍ലിം കുടുംബം സ്വീകരിക്കുകയില്ല. സമസ്ത ഉൾപ്പെടെയുള്ള മത സംഘടനകളോട് ജനാധിപത്യ സമദൂരം പാലിക്കാനേ ലീഗിന് ബാധ്യതയുള്ളൂവെന്നും ഹക്കീം ഫൈസി കൂട്ടിച്ചേർത്തു. സമസ്തയും സി.ഐ.സിയും തമ്മിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന്​ സമസ്തയുടെ ആവശ്യപ്രകാരം സി.ഐ.സി ജന. സെക്രട്ടറി സ്ഥാനത്തുനിന്ന്​ ഹക്കീം ഫൈസിയെ നീക്കിയിരുന്നു.

ഫേസ്​ ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:

'സമസ്ത' വിരുദ്ധം!

കേരള മുസ്‍ലിം കുടുംബത്തിൽ മതപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സ്വാഭാവികമായി രൂപപ്പെട്ട രണ്ടുതരം പ്രവർത്തനങ്ങളാണ്. ചിന്തയും ആത്യന്തിക ലക്ഷ്യവും ഒന്നാണെങ്കിലും ഇങ്ങനെയൊരു വിഹിതംവെപ്പ് അനിവാര്യമായിരുന്നു. ഇരുരംഗവും വിദഗ്ധമായി കൈകാര്യം ചെയ്യാൻ ഇരു രംഗങ്ങളിലെയും വിദഗ്ധർ വേണമല്ലോ. ഈ രണ്ടു തരം പ്രവർത്തനവും ഒരേ ദിശയിൽ ഒഴുകേണ്ടതുണ്ട്. കാരണം അവ ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്.

ലീഗും 'സമസ്ത'യും ഈ കുടുംബത്തിലെ പ്രധാന ഘടകങ്ങളാണ്. മാതാപിതാക്കൾ പിണങ്ങിയാൽ സന്താനങ്ങൾ വലിയ കുഴപ്പത്തിലാകും. ഒറ്റ പരിഹാരമേയുള്ളൂ എന്ന് വിനീതമായി കരുതുന്നു: ഈ രണ്ടു പ്രധാന ഘടകങ്ങളും അവരവർക്കു വിഹിതിച്ചു കിട്ടിയിട്ടുള്ള പ്രവർത്തനമണ്ഡലത്തിൽ ഒതുങ്ങിനിന്ന് പ്രവർത്തിക്കുക. അങ്ങനെയാണ് നാം കണ്ടു പോന്നിട്ടുള്ളത്.

ബാഫഖി തങ്ങളും പൂക്കോയ തങ്ങളും 'സമസ്ത' പ്രവർത്തകർ കൂടിയായിരുന്നു. (വ്യക്തികൾക്കു ഒന്നിലധികം രംഗങ്ങളിൽ ഒരേ സമയം പ്രവർത്തിക്കാമല്ലോ) അവർക്ക് രണ്ടിടങ്ങളിലും സ്വസ്ഥമായി തുടരാൻ കഴിഞ്ഞു. ദൗർഭാഗ്യകരമെന്നു പറയട്ടെ, കുറച്ചുകാലമായി ഈ രണ്ടു പ്രവർത്തനമണ്ഡലങ്ങളും അനാരോഗ്യകരമായ പാരസ്പര്യ ഭീഷണിയിലാണ്. 'സമസ്ത' അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുമുഖ ലക്ഷ്യങ്ങളിൽ വിശ്വാസ രംഗത്തുണ്ടാകുന്ന അസ്വീകാര്യമായ ഉൽപതിഷ്ണുത്വത്തെ പ്രതിരോധിക്കുക എന്ന കാര്യം പ്രധാനമായും കർമശാസ്ത്ര വിധികൾ പറയുക എന്ന കാര്യം രണ്ടാമതായും ആക്ടിവേറ്റു ചെയ്യുന്നതായേ ഇതുവരെ കണ്ടുവന്നിട്ടുള്ളൂ (അപവാദങ്ങൾ അപൂർവം).

ഈ പതിവ് തെറ്റിച്ച് നേരെ രാഷ്ട്രീയ കാര്യങ്ങളിൽ തലയിടുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലീഗിനെ അതീവ സമ്മർദത്തിലാക്കുകയും ചെയ്യുന്ന 'സമസ്ത' പാരമ്പര്യവിരുദ്ധ നീക്കം ചിലരിൽ നിന്നുണ്ടാകുന്നു. ഇത് മുസ്‍ലിം കുടുംബം സ്വീകരിക്കുകയില്ല.

'സമസ്ത' ഉൾപ്പെടെയുള്ള മത സംഘടനകളോട് ജനാധിപത്യ സമദൂരം പാലിക്കാനേ ലീഗിന് ബാധ്യതയുള്ളൂ. "മുസ്‍ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക " എന്നതാണ് ഭരണഘടന പ്രകാരം 'സമസ്ത'യുടെ കടമ. ജനാധിപത്യത്തിൽ ഈ അവകാശാധികാരങ്ങൾ കൈകാര്യം ചെയ്യുന്നത് താരതമ്യേന വലിയ മുസ്‍ലിം രാഷ്ട്രീയ കക്ഷിയായിരിക്കുമല്ലോ. ആ വലിയ കക്ഷിയെ സംരക്ഷിക്കുന്നതിന് പകരം അതിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമം 'സമസ്ത' വിരുദ്ധമാണ്. സമസ്ത പാരമ്പര്യങ്ങളുടെയും ലംഘനമാണ്.

മുസ്‍ലിം ലീഗ് വിശാലമായ മുസ്‍ലിം കുടുംബത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി പ്രവർത്തിക്കുന്ന വലിയ മുസ്‍ലിം പൊതു നേതൃ കക്ഷിയാണ്. എല്ലാ മുസ്‍ലിംകളെയും അത് ഉൾക്കൊള്ളുന്നു - വ്യക്തികളെയും സംഘടനകളെയും. അത് കൊണ്ടു തന്നെ അവർക്കിടയിൽ ഉണ്ടാകുന്ന മതപരമായ അഭിപ്രായ വൈജാത്യങ്ങൾ പാർട്ടി എന്ന നിലക്ക് ലീഗിനു വിഷയമല്ല. എല്ലാവർക്കും അവകാശപ്പെട്ട റോഡും തോടും പാലവും പൗരത്വവും മറ്റുമാണ് ലീഗിന്റെ വിഷയം! അതിനുവേണ്ടി പ്രവർത്തിക്കാൻ കൂടുതൽ വോട്ടു വേണം.വോട്ട് ഭിന്നിക്കരുത്. വോട്ടുകൾക്ക് ഒരേ മൂല്യമാണുള്ളത്.

തങ്ങളുടെ വലിയ ഓട്ടപ്പത്തായത്തിലാണ് സമസ്ത വോട്ടും എന്ന് വിചാരിക്കുന്ന 'സമസ്ത' പാരമ്പര്യവിരുദ്ധർക്ക് വേണ്ടി പലതുള്ളി പെരുവെള്ളമാകാനിടയുള്ള 'അസമസ്ത' വോട്ടുകൾ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയാണെന്ന് ഉത്തരവാദപ്പെട്ടവർ വിചാരിക്കുന്നതായിതോന്നുന്നില്ല. അവർ സമുദായത്തെ ശാക്തീകരിക്കുകയാണ് ചെയ്യുന്നത്. അർശിന്റെ തണൽ അവർക്കു കൂടി അവകാശപ്പെട്ടതാണ്.(അർശിന്റെ തണൽ ഏഴ് വിഭാഗത്തിനു കിട്ടും: ഒന്ന് നീതിമാനായ നേതാവിനാണ്. ഹസൻ ബസ്വരി(റ)പറഞ്ഞതു പോലെ "ദുർബലരുടെ ശക്തി"യാണ് നീതിമാനായ നേതാവ്).

പല 'സമസ്ത'കളുണ്ട്. മറ്റുള്ളവരുമുണ്ട്. അവരുടെയൊക്കെ വോട്ട് നഷ്ടപ്പെടുത്തി സമസ്തയിലെ ലീഗ് വിരോധികളെ ഇഷ്ടപ്പെടുത്താൻ ലീഗിന് ബാധ്യതയുണ്ടെന്ന് കരുതേണ്ടതില്ല; ഒപ്പം ഉറച്ചുനിൽക്കുന്നവരെ അകറ്റുകയുമല്ല വേണ്ടത്. വോട്ട് ഐക്യമാണ് ജനാധിപത്യത്തിലെ ശക്തി.

സമസ്തയുടെ പേരിൽ ലീഗിനെ 'വെറുപ്പില്ലാതെ' അലോസരപ്പെടുത്തുന്നവർ രാഷ്ട്രീയ മസ്തിഷ്ക്കം ഇപ്പോൾ ലീഗിനൊപ്പവും വിശ്വാസ മസ്തിഷ്ക്കം ഇപ്പോൾ സമസ്തക്കൊപ്പവും സൂക്ഷിക്കുന്ന നിഷ്കളങ്കരായ മുസ്‍ലിംകളെ എങ്ങോട്ടാണ് നയിക്കുന്നത്? അവർ 'അവകാശാധികാരങ്ങളെ സംരക്ഷിക്കുന്ന'പദ്ധതികൾ വല്ലതും തയാറാക്കിയിട്ടുണ്ടോ? വ്യക്തമായ ഉത്തരം ആവശ്യമാണ്.

പിൻകുറി: 'സമസ്ത' നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സംഘടനയാണ്. തലമുറകൾക്കു മുമ്പിൽ അതിന്റെ നിലപാടുകളുടെ മൂർത്ത രൂപമുള്ളപ്പോൾ 'നിഴലു'കളെ ആശ്രയിക്കേണ്ട കാര്യമില്ല!

Tags:    
News Summary - Spreading hatred against Muslim League is against Samasta traditions - Abdul Hakeem Faizy Adrisseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.