പാലക്കാട്: സ്പിരിറ്റ് കടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ സി.പി.എം മുൻ പ്രാദേശിക നേതാവ് കാരിക്കുളം അത്തിമണി അനിൽ എന്ന അനിൽകുമാറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ചിറ്റൂരിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. അനിൽ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നുണ്ട്. സി.പി.എം പെരുമാട്ടി മുൻ ലോക്കൽ കമ്മിറ്റിയംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമാണ് അനിൽ.
കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നടത്തിയ വാഹനപരിശോധനക്കിടെ ആഡംബര കാറിൽ കടത്തിയ 480 ലിറ്റർ സ്പിരിറ്റുമായി തത്തമംഗലം സ്വദേശി മണികണ്ഠൻ പിടിയിലായിരുന്നു. കാർ ഒാടിച്ചിരുന്ന അത്തിമണി അനിൽ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
അനിൽ സ്പിരിറ്റ് കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ടത് വൻ വിവാദമായതോടെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി ഇയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. ചിറ്റൂർ മേഖലയിലെ സ്പിരിറ്റ് കടത്ത് ലോബിയുടെ മുഖ്യകണ്ണിയായ അനിൽ, 2017ൽ ഗോപാലപുരം ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
രാഷ്ട്രീയമായ പിൻബലമാണ് കേസുകളിൽനിന്ന് രക്ഷപ്പെട്ട് സ്പിരിറ്റ് കടത്തുമായി നിർഭയം മുന്നോട്ടുപോകാൻ ഇയാൾക്ക് തുണയായതെന്ന് പരക്കെ ആരോപണമുയർന്നിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നുെവന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശനിയാഴ്ച രാത്രി ഇയാൾ ചിറ്റൂരിൽ കസ്റ്റഡിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.