തിരുവനന്തപുരം: നിയമസഭയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇതിനായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമല്ല, അവർക്ക് വോട്ട് ചെയ്ത ജനങ്ങൾക്കും നിയമസഭയിൽ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങൾ വരുംതലമുറക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങളും നടക്കുമെന്ന് സ്പീക്കർ അറിയിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിച്ചു. പ്രൊഫ. അലിയാർ, സൗണ്ട് പാർക്ക് അക്കാദമി ഡയറക്ടർ ബാലകൃഷ്ണൻ പെരിയ, ഐ.ജെ.ടി ഡയറക്ടർ പി.വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.