തിരുവനന്തപുരം: എ.ഐ. എല്ലാ മേഖലയിലും അപകടമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 14ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണമില്ലെങ്കിൽ പ്രശ്നമാകും. ചിലിയെന്ന രാജ്യത്തിൽ നിന്നും പഠിക്കാനുണ്ട്. അവിടെയാണ് എ.ഐ ആദ്യമായി ഉപയോഗിച്ചത്.
പക്ഷെ, അവിടെ നല്ല നിയന്ത്രണമുണ്ട്. എ.ഐ എല്ലാ മേഖലയിലും ഇടപെടുകയാണ്. നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങളുളളപ്പോൾ ചീത്ത വശങ്ങൾ ഉണ്ടെന്ന് മറക്കരുതെന്നും ഷംസീർ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ മൂത്താൽ അത് സോഷ്യലിസത്തിലേക്കുള്ള വഴി തുറക്കുമെന്നും മുതലാളിത്തത്തിന്റെ ഉൽപന്നം വാങ്ങാൻ ആളില്ലാതാവുകയും ചെയ്യുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിരീക്ഷണത്തിനെതിരായ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് കിടക്കുമ്പോഴാണ് സ്പീക്കർ എ.എൻ. ഷംസീറും ഈ വിഷയത്തിൽ സംസാരിക്കുന്നത്. മനുഷ്യന്റെ അധ്വാനത്തിന്റെ 60 ശതമാനവും എ.ഐ കീഴടക്കുകയും അതുവഴി തൊഴിൽകുറയുമെന്നും പറയുന്നയാൾതന്നെ, അത്തരമൊരു സാഹചര്യം സമത്വമുണ്ടാക്കുമെന്ന് നിരീക്ഷിക്കുന്നത് എങ്ങനെയെന്നാണ് ഗോവിന്ദനെതിരെയുള്ള പ്രധാന വിമർശനം.
പണ്ട് ട്രാക്ടറും കമ്പ്യൂട്ടറും എതിർത്തതിൽനിന്ന് വ്യത്യസ്തമായി എ.ഐയെ പോസിറ്റിവ് ആയി കണ്ടതിൽ ആശ്വാസം പ്രകടിപ്പിക്കുകയാണ് ചിലർ. തളിപ്പറമ്പിൽ ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ ചുവർശിൽപ സ്മാരകം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എ.ഐ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചത്.
എം.വി. ഗോവിന്ദന്റെ പ്രസംഗത്തിൽനിന്ന്:
‘‘എ.ഐ ഇങ്ങനെ മൂത്തുമൂത്ത് വന്നാൽ പിന്നെ മാർക്സിസത്തിന് എന്തു പ്രസക്തി എന്നാണ് സഖാക്കൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അവിടെയും മാർക്സിസത്തിനാണ് പ്രസക്തി. മുതലാളിത്തത്തിന്റെ കൈയിലാണ് എ.ഐ. എ.ഐ വിവിധതലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ 60 ശതമാനം ആളുകളുടെ ജോലി അതു ചെയ്യും. അധ്വാനിക്കുന്ന വർഗത്തിന് പണിയില്ലാതാകും. ഇതോടെ, കമ്പോളത്തിലെ ക്രയവിക്രയശേഷിയിലും 60 ശതമാനം കുറവുണ്ടാകും.
മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാവും. അങ്ങനെ വരുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കുറയും. അതു മൗലികമായ മാറ്റത്തിനു കാരണമാവും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അങ്ങനെ സോഷ്യലിസത്തിലേക്കുള്ള വഴി തെളിയും.
ഇതിനു ചിലപ്പോൾ നൂറോ നൂറ്റമ്പതോ വർഷം വേണ്ടതായി വരും. എല്ലാ കണ്ടെത്തലുകളെയും ഉൾക്കൊള്ളാവുന്ന ഒന്നാണ് മാർക്സിസം. എ.ഐയും മാർക്സിസത്തിൽ ഉൾപ്പെടും. മാർക്സിസത്തിന് കാലഹരണ ദോഷമുണ്ടാവില്ല. ഭഗവദ് ഗീതക്കും ബൈബിളിനും ഖുർആനിനുമൊക്കെ കാലഹരണദോഷമുണ്ടാകും’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.