കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഒരുവർഷം മുൻപ് വന്യജീവി ആക്രമണത്തെ കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങൾ
തൊടുപുഴ: ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഒരു വർഷം മുൻപ് വന്യജീവി ആക്രമണത്തെ കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആനയും പുലിയും വിഹരിക്കുന്ന പ്രദേശത്ത് ഭീതിയോടെ കഴിയുന്ന ദുരവസ്ഥ വീട്ടിലെത്തിയ ബി.ആർ.സി അധികൃതരോട് വിവരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നിരവധി ആടുകളെയും പശുവിനെയും പുലി പിടിച്ചതും പട്ടിയെ പിടിക്കാനെത്തിയപ്പോൾ പുലിയുടെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതും സോഫിയയും ഭർത്താവും പറയുന്നു. വീടിന് മുന്നിൽ വെച്ച് പട്ടിയെ പിടികൂടാനെത്തിയപ്പോൾ ഓടിയെത്തിയ സോഫിയ കാൽതെന്നി വീണതും പട്ടിയെയും കൊണ്ട് തൊട്ടുമുന്നിൽ നിന്ന് പുലി ഓടിപ്പോയതും നടുക്കത്തോടെ അവർ വിവരിക്കുന്നുണ്ട്.
സോഫിയയുടെ സംസാര ശേഷിയില്ലാത്ത മകളും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതും ആംഗ്യ ഭാഷയിലൂടെ വിവരിക്കുന്നു.
സുധീഷ് കെ.എം എന്നയാളാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ 'ഈ ഉമ്മാ ഇന്നില്ല' എന്ന തലക്കെട്ടോടെ സോഫിയയുടെ കുടുംബത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒരു വർഷം മുമ്പ് റംസാൻ നാളിൽ ഭക്ഷ്യ കിറ്റ് വിതരണത്തിനായി കാഞ്ഞിരപ്പള്ളി ബി.ആർ.സി യുടെ നേതൃത്വത്തിൽ തന്റെ വിദ്യാർഥിയായ ആമിനയുടെ വീട്ടിലെത്തിയപ്പോഴുള്ള അനുഭവമാണ് പങ്കുവെച്ചത്. ആമിനയുടെ മാതാവാണ് സോഫിയ.
അന്ന് പുലിയുടെ മുന്നിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സോഫിയയാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ചെന്നാപ്പാറ ടോപ്പ് - കൊമ്പൻപാറ റൂട്ടിലെ കുളിക്കടവിലാണ് നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
സ്കൂളിൽനിന്നും വന്ന മക്കളെ വീട്ടിലെത്തിച്ച ശേഷം സോഫിയ കുളിക്കാനായി സമീപത്തെ കുളിക്കടവിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുളിക്കാൻപോയ ഇവരെ കാണാതായതിനെ തുടർന്ന് മകൻ അന്വേഷിച്ചു വരുമ്പോഴാണ് വിവരം അറിയുന്നത്.
ഇസ്മായിലും നാട്ടുകാരും ബഹളമുണ്ടാക്കി കാട്ടാനയെ ഓടിക്കുകയായിരുന്നു. മൃതദേഹം കുളിക്കടവിൽ നിന്ന് എടുക്കാൻ രാത്രി വൈകിയും നാട്ടുകാർ സമ്മതിച്ചില്ല. പൊലീസ് നാട്ടുകാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായി.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.