തൃശൂർ: അനന്തപത്മനാഭെൻറ നാട്ടിൽനിന്ന് ശക്തൻ തമ്പുരാെൻറ നാട്ടിലേക്ക് വണ്ടി കയറിയപ്പോൾ ഒരു കുന്ന് പ്രാരബ്ധങ്ങളും ഒരുപാട് കടങ്ങളും മാത്രമായിരുന്നു കൂട്ട്. ആശ്വസിക്കാനായി ആകെയുണ്ടായിരുന്നത് വീട്ടുകാരുടെയും ഗുരുവിെൻറയും കൂട്ടുകാരിയുടെയും ആത്മാർഥമായ പിന്തുണ. കൈയിലിത്തിരിയെങ്കിലും കാശുണ്ടായിരുന്നെങ്കിൽ പുലർെച്ച മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി അവിടെത്തന്നെ നേരം വെളുപ്പിക്കില്ലായിരുന്നു.
എന്നാൽ, പരാധീനതകളിൽ പതറിനിൽക്കാതെ സൗപർണിക കാഴ്ചവെച്ചത് ശ്രദ്ധേയമായ പ്രകടനമാണ്. അതും ഗുരു ഐവിൻ ജോണിെൻറ മറ്റൊരു ശിഷ്യയും കൂട്ടുകാരിയുമായ ആതിര നൽകിയ ആടയാഭരണങ്ങളണിഞ്ഞ്. ശനിയാഴ്ച നടന്ന ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും അവൾ കദനമുള്ളിലൊതുക്കി നിറഞ്ഞാടി. ഇരുവിഭാഗത്തിലും അപ്പീലിലൂടെയാണ് സൗപർണിക മത്സരിച്ചത്. അപ്പീലിന് കെട്ടിവെക്കാനുള്ള പണംപോലും പലരും നൽകിയതും കടം വാങ്ങിയതുമാണ്.
കലയോടുള്ള ആത്മാർഥതയാണ് കൈയിൽ കാശൊന്നുമില്ലാഞ്ഞിട്ടും വൻതുക നൽകി സംസ്ഥാനതലത്തിൽ മത്സരിക്കാൻ ഇവളെ പ്രേരിപ്പിച്ചത്. കൂലിവേലക്കാരനായ അച്ഛൻ സുന്ദർലാൽ മൂന്നുദിവസത്തെ ജോലിനഷ്ടമോർത്ത് കൂടെ വന്നിട്ടില്ല. അമ്മ അർച്ചനയാണെങ്കിൽ ചിലയിടത്ത് വീട്ടുജോലിക്കു പോവുന്നതും മകളുടെ നല്ല ഭാവിക്കുവേണ്ടിതന്നെ. വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് വൻതുക കടമുണ്ട്. ഈ അവസ്ഥകളറിഞ്ഞ് ഗുരു ഐവിനും മേക്കപ്പുകാരൻ ലാലും കഴിയുന്നത്ര സഹായം ചെയ്യാറുണ്ട്. സൗപർണികക്കുവേണ്ടി ജില്ലതലത്തിൽ പിന്നിലായ ആതിര തെൻറ ഉടുപ്പും ആഭരണങ്ങളും നൽകിയതും ഇക്കാരണത്താൽതന്നെ.
തിരുവനന്തപുരം തോന്നക്കൽ ജി.എച്ച്.എസ്.എസിെല ഒമ്പതാം ക്ലാസുകാരിയായ സൗപർണിക കഴിഞ്ഞവർഷം നാടോടിനൃത്തത്തിൽ മത്സരിച്ചിരുന്നു. പഠനത്തിലും മികവു പുലർത്തുന്നുണ്ട് ഈ പെൺകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.