തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വാഴ്ത്തുപാട്ട്. മുമ്പ് മെഗാതിരുവാതിരയായിരുന്നെങ്കിൽ ഇക്കുറി സംഘഗാനമാണ്. സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ ‘ചെമ്പടയുടെ കാവലാളാ’യും പടയുടെ നടുവിൽ പടനായകനാ’യും ‘ഫിനിക്സ് പക്ഷി’യായുമായാണ് വിശേഷിപ്പിക്കുന്നത്. ധനവകുപ്പിലെ ഉദ്യോഗസ്ഥൻ ‘കാവലാള്‍’ എന്ന തലക്കെട്ടിൽ ഒരുക്കിയ വരികൾക്ക് സംഗീതം നൽകിയത് നിയമ വകുപ്പ് ജീവനക്കാരനാണ്.
വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നൂറ് വനിത ജീവനക്കാർ ചേർന്നാണ് ഗാനം ആലപിക്കുക. അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാറശ്ശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.
‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍
കണക്കൊരാള്‍
ചെങ്കൊടി കരത്തിലേന്തി കേരളം
നയിക്കയായ്
തൊഴിലിനായി പൊരുതിയും
ജയിലറകൾ നേടിയും
ശക്തമായ മർദനങ്ങളേറ്റ ധീര സാരഥി
സമര ധീര സാരഥി പിണറായി വിജയൻ
പടയുടെ മുൻപിൽ പടനായകൻ
മതതീവ്രവാദികളേ തച്ചുടച്ചുനീങ്ങവേ
പിൻതിരിഞ്ഞു നോക്കിടാതെ
മുന്നിലേക്ക് പോകയും
ഇരുളടഞ്ഞപാതയിൽ ജ്വലിച്ച
സൂര്യനായീടും
ചെങ്കൊടി പ്രഭയിലൂടെ ലോകരിക്ക്
മാതൃകയായ്...’
-എന്നിങ്ങനെ പോകുന്നു വരികൾ
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ തന്നെ പ്രകീർത്തിച്ചുകൊണ്ട് 100 പേർ ആലപിക്കുന്ന ഗാനത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി. താൻ പാട്ട് കേട്ടില്ലെന്നും വാർത്ത ശ്രദ്ധയിൽപെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, വല്ലാതെ അധിക്ഷേപിക്കുമ്പോൾ ലേശം പുകഴ്ത്തൽ വന്നാൽ നിങ്ങൾ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സകലമാന കുറ്റങ്ങളും തന്റെ ചുമലിൽ ചാർത്താൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ വലിയ വിഷമമുണ്ടാകും. വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടർ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങൾ നേടാൻ ഈ പാർട്ടിയിൽ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.