മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടു; കൊലക്കേസ് പ്രതിയായ മകൻ അറസ്​റ്റിൽ

കൊല്ലം: കൊലക്കേസ്​ പ്രതിയായ മകൻ മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശ​​െൻറ ഭാര്യ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകൻ സുനിൽകുമാറിനെ (50) അറസ്​റ്റ്​ ചെയ്തു. സ്വത്ത് തർക്കത്തിനിടെ വീടി​െൻറ ആധാരം സ്വന്തമാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുട്ടന്‍ ഒളിവിലാണ്. മാതാവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തി​െൻറ ചുരുളഴിഞ്ഞത്.

സുനിലിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രിയെ സെപ്റ്റംബർ മൂന്നു മുതലാണ് കാണാതായത്. ഹരിപ്പാട് താമസിക്കുന്ന മകൾ ലാലി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏഴിന് സ്ഥലത്തെത്തി അയൽവാസികളോടും ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും വിവരം കിട്ടിയില്ല. തുടർന്ന് ഈസ്​റ്റ്​ സ്​റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലായിലെ മഠത്തിലും ഓച്ചിറയിലും ഇടക്കിടെ സാവിത്രി പോകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് അവിടെയും അന്വേഷിച്ചു.

ഇതിനിടെ പലതവണ സ്​റ്റേഷനിലെത്തിയ സുനിൽ അമ്മയെക്കുറിച്ച് വല്ല വിവരവും ലഭിച്ചോയെന്ന് അന്വേഷിച്ചു. ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചിട്ടുണ്ടെന്ന് സുനിൽ പറഞ്ഞതും അയൽവാസികളുടെ മൊഴിയുമാണ് വഴിത്തിരിവായത്. സുനിൽ ഒരു ബന്ധുവീട്ടിലും തിരക്കിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സാവിത്രിയെ കാണാതായ ദിവസം വീട്ടിൽ ബഹളം കേട്ടതായും സുനിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമെന്നുമായിരുന്നു അയൽവാസികളുടെ മൊഴി. വെള്ളിയാഴ്ച സുനിലിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ​ദീർഘമായ ചോദ്യംചെയ്യലിനൊടുവിൽ ശനിയാഴ്ച കുറ്റസമ്മതം നടത്തുകയായിരുന്നു.

പൊലീസ് പറയുന്നത്: സംഭവദിവസം വൈകുന്നേരം സാവിത്രിയുടെ പേരിലുള്ള കൊല്ലം അപ്സര ജങ്​ഷനിലെ ഭൂമി ആവശ്യപ്പെട്ട് സുനിൽ വഴക്കിട്ടു. തർക്കത്തിനിടയിൽ സുനിൽ അമ്മയുടെ തലക്കടിച്ചു. ബോധരഹിതയായി നിലത്ത് വീണപ്പോൾ സുനിൽ വീട് അടച്ച് പുറത്തുപോയി. രാത്രി പത്തോടെ തിരികെ എത്തി. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടു.

ഞായറാഴ്ച സുനിലുമായി എത്തിയ പൊലീസ് വീടിന്​ പുറകിലായി മൂന്നടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുത്തു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 2015 ഡിസംബർ 27ന് അയത്തിൽ പാർവത്യാർ ജങ്ഷനിലെ ഹോളോബ്രികിസ് കമ്പനിയിലെ നിർമാണത്തൊഴിലാളി കാവുമ്പള കുന്നിൽ വീട്ടിൽ സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുനിൽ ജാമ്യത്തിലാണ്​. സാവിത്രി അമ്മയുടെ മറ്റ് മക്കൾ: സാബു, ലാലി, അനി.

Tags:    
News Summary - son killed and buried mother -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.