‘സരളമല്ല, കരാളമാണ് സരൾ ബിൽ’; നിയമസഭയിൽ ആഞ്ഞടിച്ച് ജി. സുധാകരൻ, ഭേദഗതിയെ പിന്തുണച്ച് പ്രതിപക്ഷം
തിരുവനന്തപുരം: വ്യവസായ നിക്ഷേപം വേഗത്തിലാക്കാൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച സരൾ ബില്ലിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. സരളമെന്ന് തോന്നാമെങ്കിലും കരാളമാണ് ഈ ബില്ലെന്നായിരുന്നു സുധാകരന്റെ പരാമർശം.
പ്രതിപക്ഷം ഡെസ്കിലിടിച്ചാണ് സുധാകരന്റെ വാക്കുകളെ എതിരേറ്റത്. കൈയ്യടിക്കുവേണ്ടിയല്ല താനിത് പറയുന്നതെന്ന് സുധാകരൻ തിരുത്തിയെങ്കിലും പ്രതിപക്ഷം ജി. സുധാകരനെ പൂർണമായി പിന്തുണച്ചു. അദ്ദേഹം ഉന്നയിച്ച രണ്ടുഭേദഗതികളും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വോട്ടിനിട്ടു. ഭരണപക്ഷം ഒന്നടങ്കം എതിർത്ത് വോട്ടുചെയ്തു.
സരൾ ബില്ലിൽ പരിസ്ഥിതി -നെൽവയൽ സംരക്ഷണ മാനദണ്ഡങ്ങൾ ഇല്ലെന്നായിരുന്നു സുധാകരന്റെ വിമർശനം. നിയമപ്രകാരം സംരക്ഷിച്ചിരുന്ന പല മേഖലകളും സർക്കാർ പോലുമറിയാതെ വിസ്തീർണം കുറയുന്ന സ്ഥിതിയാണുണ്ടാകും.
നിയമത്തെ പറ്റി കൃത്യമായ ധാരണയുള്ള ആളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ സതീശനടക്കമുള്ള മന്ത്രിസഭ മനസ്സിരുത്തി ഈ ബിൽ പഠിച്ചിട്ടില്ല. ബില്ലിന്റെ വിപത്ത് ഈ സർക്കാറിന്റെ കാലത്ത് തന്നെ മനസ്സിലാകുമെന്നും സുധാകരൻ തുറന്നടിച്ചു.
നിലവിലെ തണ്ണീർത്തട സംരക്ഷണ നിയമങ്ങളെയൊന്നും പുതിയ നിയമം മറികടക്കുന്നില്ലെന്നും പരിസ്ഥിതിയെ പൂർണമായും സംരക്ഷിക്കും വിധമാണ് വ്യവസ്ഥകളെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി ആവർത്തിച്ചെങ്കിലും സുധാകരൻ തൃപ്തനായില്ല.
മന്ത്രിയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നെങ്കിലും മന്ത്രി വാക്കാൽ പറയുന്നതൊന്നും വിശ്വസിക്കാനാവില്ലെന്നായി സുധാകരൻ. പരിസ്ഥിതി നിയമങ്ങളെ മറികടക്കാതിരിക്കാൻ എന്ത് മുൻകരുതലുകളാണ് പുതിയ നിയമത്തിലുള്ളതെന്ന് വ്യക്തമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
സുധാകരനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ബില്ല് സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് യോജിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഭരണപക്ഷത്ത് തന്നെ ആശയക്കുഴപ്പവും ആശങ്കയുമാണെന്ന് പിണറായി വിജയനും വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ പുറക്കാട് മണക്കൽ പാടശേഖരത്ത് എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചയാളാണ് സുധാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടപ്പോൾ വിളിച്ച മുദ്രാവാക്യം ‘സരളല്ല കരാള ബില്ലാ’ണെന്ന സുധാകരന്റെ വാക്കുകളാണ്. പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പ്രതിപക്ഷനേതാവും ഇതേ വാക്കുകൾ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.