പോക്കറ്റ് മണിക്കായി ക്യാമ്പസിൽ കഞ്ചാവ് വിറ്റു; ബണ്ടിലിന് 6000 രൂപ ലാഭമെന്ന് പ്രതിയുടെ മൊഴി

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഒരു ബണ്ടില്‍ കഞ്ചാവ് എത്തിച്ചാല്‍ 6,000 രൂപയാണ് തനിക്ക് ലാഭമെന്നും ചോദ്യംചെയ്യലിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലിലെ താമസക്കാരായ ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അറിവോടെയാണ്.

18,000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 24,000 രൂപക്കാണ് വിദ്യാര്‍ഥികള്‍ക്ക് വിറ്റിരുന്നതെന്നാണ് മൊഴി. ഹോസ്റ്റലിൽ വിതരണത്തിനായി കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതരസംസ്ഥാനക്കാരനില്‍ നിന്നാണ് ആഷിക്കിനും ഷാലിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

പോളിടെക്‌നിക്കിലെ കേസില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലിൽ പരിശോധന നടക്കുന്നതിനിടെ സാധനം സേഫ് അല്ലേ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. ആഷിഖും ഷാലിഖും പോളിടെക്‌നിക്കിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അനുരാജിനാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് വാങ്ങുന്നതിനായി 16,000 രൂപ അനുരാജ് ഗൂഗ്ൾപേ വഴിയും ബാക്കിത്തുക നേരിട്ടും കൈമാറിയെന്ന് കഴിഞ്ഞദിവസം ഷാലിഖ് മൊഴി നല്‍കിയിരുന്നു.

അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസം ആയെന്നും ഷാലിഖ് മൊഴി നല്‍കിയിട്ടുണ്ട്. ഹോസ്റ്റലില്‍നിന്നും പൊലീസ് കണ്ടെത്തിയ രണ്ട് കിലോ അടക്കം നാല് കിലോ കഞ്ചാവ് അനുരാജിന് കൈമാറിയിട്ടുണ്ടെന്നാണ് ആഷിഖും ഷാലിഖും മൊഴി നല്‍കിയത്. ബാക്കിയുള്ള രണ്ട് കിലോ കഞ്ചാവിന് വേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Tags:    
News Summary - Sold cannabis on campus for pocket money; Accused says he got Rs 6,000 per bundle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.