സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കോടതി വിധി

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ്. സോളാര്‍ പദ്ധതിയുടെ പേരില്‍ ഒരു കോടി 35 ലക്ഷം രൂപ തട്ടിയെന്നാരോപിച്ച് ബംഗളൂരുവിലെ വ്യവസായിയും കോട്ടയം ഉഴവൂര്‍ സ്വദേശിയുമായ എം.കെ. കുരുവിള നല്‍കിയ ഹരജിയില്‍ 1,60,85,700 രൂപ നല്‍കാനാണ് ജഡ്ജി എന്‍.ആര്‍. കേശവയുടെ ഉത്തരവ്.


12 ശതമാനം പലിശയടക്കമാണ് തുക കണക്കാക്കിയത്. തുക ആറുമാസത്തിനുള്ളില്‍ നല്‍കണം. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആദ്യ കോടതിവിധിയാണിത്.  കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്സ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എം.ഡി ബിനു നായര്‍ രണ്ടും ഡയറക്ടര്‍ ആന്‍ഡ്രൂസ് മൂന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് നാലും സോസ കണ്‍സല്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വരുന്ന ആദ്യ വിധിയാണിത്. കേസില്‍ രണ്ടുതവണ സമന്‍സ് അയച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പരാതി മാത്രം പരിഗണിച്ചാണ് വിധി. സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന സബ്സിഡി ലഭ്യമാക്കുന്നതിനുമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് 2015 മാര്‍ച്ച് 23ന് കുരുവിള നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ കേരള ഹൗസില്‍വെച്ച് ഉമ്മന്‍ ചാണ്ടിയെ ആന്‍ഡ്രൂസ് വഴി കണ്ടിരുന്നെന്നും ഗണ്‍മാന്‍ സലിംരാജിന്‍െറ ഫോണില്‍ ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നെന്നും ഇതില്‍ പറയുന്നു. എന്നാല്‍, പദ്ധതി സംബന്ധിച്ച് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ളെന്നും അതിനാല്‍ നിക്ഷേപ തുകയുടെ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരുന്നത്..

 

Tags:    
News Summary - Solar case: court order penalty to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.