പി.സി ജോർജ് എന്നാൽ 'പരമ ചെറ്റ'; എല്ലാവരും ഇങ്ങനെ ​വിളിക്കുന്ന തരത്തിൽ ജോർജ് സ്വയം അധഃപതിക്കരുത് -ശോഭ സുരേന്ദ്രന്റെ പഴയ പ്രസംഗം വൈറൽ

കൊച്ചി: മതവിദ്വേഷ പ്രസംഗത്തെതുടർന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പി.സി. ജോർജിന് പിന്തുണയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്ര​ന്റെ പഴയ പ്രസംഗം വൈറലാകുന്നു. ജോർജിനെതിരെ രൂക്ഷമായ ഭാഷയിൽ ശോഭ പ്രസംഗിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ 'നിറഞ്ഞോടുന്നത്'. പി.സി. ജോർജിന്റെ പേരിലെ പി.സി എന്ന ഇനീഷ്യലിന്റെ ഫുൾഫോം 'പരമ ചെറ്റ' എന്നാണെന്നും നാണംകെട്ട നേതാവാണ് പി.സി. ജോർജെന്നുമാണ് ശോഭ പറയുന്നത്. എല്ലാവരും കൂടി അങ്ങനെ വിളിക്കുന്ന സാഹചര്യത്തിലേക്ക് ജോര്‍ജ് സ്വയം അധഃപതിക്കരു​ന്നും ശോഭ പരിഹസിക്കുന്നുണ്ട്.

'നാണംകെട്ട ഒരു നേതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് കാണാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പേര് പി.സി. ജോര്‍ജ് എന്നാണ്. പി.സി ജോർജിന്റെ ഇനീഷ്യലിന്റെ ഫുള്‍ ഫോം പരമ ചെറ്റ എന്നാണ്. ഇത് പറഞ്ഞത് ഞാനല്ല. ഒരു സമുദായ സംഘടനയുടെ നേതാവ് പരസ്യമായി പ്രസംഗിച്ചതാണ്. അത് എല്ലാവരും കൂടി വിളിക്കുന്ന സാഹചര്യത്തിലേക്ക് ബഹുമാനപ്പെട്ട പി.സി. ജോര്‍ജ് സ്വയം അധഃപതിക്കരുത്' എന്നാണ് ശോഭ സുരേന്ദ്രന്‍ വീഡിയോയില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും കൽപറ്റ എം.എൽ.എയുമായ ടി. സിദ്ദീഖ് അടക്കമുള്ളവര്‍ ശോഭയുടെ ഈ പഴയ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'നിലപാട്' എന്ന് പരിഹസിച്ചാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

വിദ്വേഷ പ്രസംഗ​ക്കേസിൽ ജോർജിന് പന്തുണയുമായി ശോഭ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ശോഭ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയത്. പി.സി. ജോര്‍ജ് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണ് പിന്തുണ നല്‍കുന്നതെന്നായിരുന്നു ശോഭ പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് വിഡിയോ വൈറലായത്.

'പി സി ജോർജ് നട്ടെല്ലുള്ള ഒരുത്തനാണ് എന്ന് തോന്നിയത് കൊണ്ടാണ് പിന്തുണ നൽകുന്നത്. ഇക്കാര്യം ഇപ്പോൾ പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങി വെക്കേണ്ടി വരും. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരികെയെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായിട്ടുണ്ട്. പി സി ജോര്‍ജിന് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും എന്ന അവസ്ഥയാണ് ഈ നാട്ടിലുള്ളത്. പിണറായി ഇരിക്കുന്നത് രാജാധികാര പദവിയിലല്ല, മുഖ്യമന്ത്രിയായാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയിലിരിക്കെ പൊതുസമൂഹത്തോട് ഞങ്ങൾ മറുപടി പറയു൦. അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പി സി ജോർജിനെ പോലീസ് വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്നത്' - ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Full View

Tags:    
News Summary - Sobha Surendran's speech against pc george goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.