കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക പടർന്നതിനെ തുടർന്ന് മഴനനയാതെ രോഗിയെ പുറത്തേക്ക് നീക്കുന്ന രക്ഷാപ്രവർത്തകർ (ചിത്രം ബിമൽ തമ്പി)
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽനിന്ന് പുക ഉയർന്നതോടെ മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആളപായമില്ല. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്കാൻ കേന്ദ്രത്തിന് സമീപമുള്ള യു.പി.എസ് റൂമിൽനിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടുകയായിരുന്നു. പിന്നാലെയാണ് മുഴുവൻ രോഗികളെയും അധികൃതർ പുറത്തെത്തിച്ച് മറ്റു ആശുപത്രികളിലേക്ക് മാറ്റിയത്.
ഏഴുനില കെട്ടിടത്തിൽ അഞ്ഞൂറിലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരുമാണ് പുക ഉയർന്ന സമയം ഉണ്ടായിരുന്നത്. ആളുകളെ പരസ്പരം കാണാനാവാത്ത തരത്തിൽ വലിയ പുക നിറഞ്ഞ താഴെ നിലയിൽ വെള്ളിയാഴ്ച പ്രവേശിപ്പിച്ചവരടക്കം നിരവധി രോഗികളുണ്ടായിരുന്നു. സ്ട്രച്ചറിലും വീൽചെയറിലുമായി ആദ്യഘട്ടത്തിൽ ഇവരെയാണ് പുറത്തെത്തിച്ചത്. പിന്നാലെ രണ്ട്, മൂന്ന്, നാല് നിലകളിലുള്ളവരെയും പൊലീസും ആശുപത്രി അധികൃതരും ചേർന്ന് ഒഴിപ്പിച്ചു.
നാലാം നിലയിലെ ന്യൂറോ സർജറി ഐ.സി.യുവിൽ ശസ്ത്രക്രിയക്കു ശേഷം അത്യാസന്ന നിലയിൽ തുടർന്നിരുന്ന മൂന്നു രോഗികളെ ചികിത്സ സംവിധാനങ്ങളോടെ ഏറെ പാടുപെട്ടാണ് പൊലീസും ആശുപത്രി അധികൃതരും ചേർന്ന് ആകാശപാതയിലൂടെ പുറത്തേക്ക് മാറ്റിയത്.
ഷോർട്ട് സർക്യൂട്ടാണ് യു.പി.എസ് റൂമിൽനിന്ന് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുക ഉയർന്നതോടെ ഉടൻ രോഗികളെ മുഴുവൻ മറ്റിടങ്ങളിലേക്ക് മാറ്റിയെന്നും മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാക്കിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ പുക നിറഞ്ഞയുടൻ അപായ അലാറം നിർത്താതെ മുഴക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായി എന്നതരത്തിൽ വാർത്ത പരന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിനായി നിരവധി പേരാണ് ആശുപത്രിയിലേക്ക് എത്തിയത്. ബീച്ച്, വെള്ളിമാടുകുന്ന് അടക്കം സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിസുരക്ഷാ സേനയും വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസും ചേർന്നാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ആംബുലൻസുകളിൽ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. കൈമെയ് മറന്നുള്ള രക്ഷാദൗത്യത്തെ തുടർന്ന് പുക ഉയർന്ന കെട്ടിടത്തിലെ മിക്കയാളുകളെയും ഒന്നര മണിക്കൂറിനകം ഒഴിപ്പിക്കാനായി.
ആശുപത്രിയുടെ പഴയ അത്യാഹിത വിഭാഗം താൽക്കാലികമായി അത്യാഹിത വിഭാഗമാക്കി മാറ്റിയെന്നും ബീച്ച് ജനറൽ ആശുപത്രിയിലടക്കം സമാന്തര സംവിധാനങ്ങൾ രാത്രി തന്നെ ഒരുക്കിയെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും കൃത്യമായ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നും എ.കെ. രാഘവൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു. ബീച്ച് ആശുപത്രിയിൽ ഡോക്ടറോ ജീവനക്കാരോ ഇല്ലാത്തതിനാൽ രോഗികളെല്ലാം മെഡിക്കൽ കോളജിലേക്ക് വരികയാണ്. മെഡിക്കൽ കോളജിലും ആവശ്യത്തിന് ജീവനക്കാരില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.
ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗികളെ മാറ്റിപാർപ്പിക്കാൻ ബീച്ച് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. മരുന്ന് അടക്കം എല്ലാം കൊടുക്കാൻ കോർപറേഷൻ തയാറാണ്. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും മേയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.