കുരുന്നുകൾക്ക് പുതിയ അനുഭവം സമ്മാനിക്കാൻ അങ്കണവാടികൾ സ്മാർട്ട് ആവുന്നു

തിരുവനന്തപുരം: കുരുന്നുകൾക്ക് പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങി സംസ്ഥാനത്ത അങ്കണവാടികൾ സ്മാർട്ട് ആവുന്നു. ശിശു സൗഹൃദമായ വിശാലമായ ക്ലാസ്സ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോൺ, ആധുനിക അടുക്കള, ഭക്ഷ്ണം കഴിക്കാനുള്ള പ്രത്യേക ഇടം, മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെയായി പ്രാഥമിക സൗകര്യത്തിനുള്ള മുറികൾ തുടങ്ങി നിലവിലുള്ള അങ്കണവാടി എന്ന സങ്കല്പം തന്നെ തിരുത്തിക്കുറിക്കുന്ന സവിശേഷതകളോടെയാണ് സ്മാർട്ട് അങ്കണവാടികൾ തയ്യാറെടുക്കുന്നത്. പതിനാലു ജില്ലകളിലുമായി ഇത്തരത്തിൽ 133 അങ്കണവാടികളാണ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളത്.

സമഗ്ര ശിശു വികസന പരിപാടിയുടെ ഭാഗമായി അങ്കണ വാടികളെ സമൂലം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ വനിതാ ശിശു വികസന വകുപ്പ് വഴി സ്മാർട്ട് അങ്കണവാടി പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഊന്നൽ നൽകുന്ന തരത്തിലാകും പദ്ധതിയുടെ കീഴിൽ ഓരോ അങ്കണവാടിയും നിർമിക്കുക. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടികൾ സാക്ഷാത്കരിക്കാൻ 2019 ൽ സർക്കാർ തീരുമാനടുത്തത്. ഇതനുസരിച്ചു 2020 -21 സാമ്പത്തിക വർഷം 88 അങ്കണവാടികൾക്കും 2021 -22 ലെ പദ്ധതിപ്രകാരം 45 ഉം അങ്കണവാടികളുടെ നിർമാണത്തിന് വനിതാ ശിശു വികസന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

ലഭ്യമാവുന്ന സ്ഥലത്തിന്റെ സ്വഭാവം പരിഗണിച്ചാണ് കെട്ടിടത്തിന്റെ വിസ്തീർണവും മറ്റു സൗകര്യങ്ങളും തീരുമാനിക്കുന്നത്. ഒന്നേകാൽ സെന്റ് മുതൽ 10 സെന്റ് വരെയുള്ള വസ്തുവിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്. സഥലത്തിന്റെ വിസ്തീർണം അനുസരിച്ച് നിർമാണത്തിന് അനുവദിക്കുന്ന തുകയിലും വ്യത്യാസം ഉണ്ടാവും. പത്തു സെന്റിന് 4292340 രൂപയും 7 .5 സെന്റിന് 4242174 രൂപയും അഞ്ച് സെന്റിന് 3231328 രൂപയും മൂന്നു സെന്റിന് 2764952 രൂപയും ഇത് ചെരിവുള്ള പ്രദേശമാണെങ്കിൽ 2870133 രൂപയും ഒന്നേകാൽ സെന്റ് ആണെങ്കിൽ 2137256 രൂപയും ആണ് നിർമാണത്തിന് ചെലവഴിക്കാവുന്ന തുക. വനിതാ ശിശു വികസന വകുപ്പ് നൽകുന്ന തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്താണ് നിർമാണം പൂർത്തീകരിക്കേണ്ടത്. പത്തു സെന്റിന് 25 ലക്ഷം, 7 . 5 നു 25 ലക്ഷം, അഞ്ച് സെന്റിന് 20 ലക്ഷം, മൂന്നു സെന്റിന് 17 ലക്ഷം, ഒന്നേകാൽ സെന്റിന് 15 ലക്ഷം വീതം വനിതാ ശിശു വികസന വകുപ്പ് നൽകും. ലവിലുള്ള വസ്തുവിന്റെ ഘടനക്കനുസരിച് തുകയിൽ മാറ്റം വരാം. തദ്ദേശ ഭരണ എഞ്ചിനീറിങ് വിഭാഗത്തിനാണ് നിർമാണത്തിന്റെ മേൽനോട്ട ചുമതല. വസ്തുവിന്റെ വിസ്തീർണം അനുസരിച്ച് നിർമിക്കേണ്ട കെട്ടിടത്തിന്ന്റെ വിസ്തീർണവും മറ്റു സൗകര്യങ്ങളും എന്തെല്ലാം ആയിരിക്കണമെന്ന് സർക്കാർ വ്യക്തമായ നിർദേശം തുടക്കത്തിൽത്തന്നെ തീരുമാനിച്ച് നൽകിയിട്ടുണ്ട്.

തിരുവനതപുരത്ത് പൂജപ്പുരയിലാണ് സംസ്ഥാനത്ത് ആദ്യ സ്മാർട്ട് അങ്കണവാടി നിർമാണം ആരംഭിച്ചത്. നിർമിതി കേന്ദ്രക്കാണ് ഇതിന്റെ ചുമതല. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സഹായമില്ലാതെ വനിതാ ശിശു വികസന വകുപ്പ് നേരിട്ടാണ് ഇത് നിർമിക്കുന്നത്. സംസ്ഥാന നിർമിതി കേന്ദ്രക്കാണ് നിർമാണ ചുമതല. അങ്കണവാടിയുടെ 80 ശതമാനം നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി മേൽനോട്ട ചുമതലയുള്ള റീജിയണൽ എഞ്ചിനീയർ എസ് ബൈജു പറഞ്ഞു. ഈ കെട്ടിടത്തിന് 4494518 രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതിൽ 27 ലക്ഷം രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ തന്നെ ഇടവ, വേളി, വെമ്പായം, ഒറ്റൂർ, വിതുര, ഉഴമലയ്ക്കൽ, അരുവിത്തുറ, ആര്യനാട് , വാമനപുരം പഞ്ചായത്തുകളിലാണ് മറ്റ് സ്മാർട്ട് അങ്കണവാടികൾ ഒരുങ്ങുന്നത്.

Tags:    
News Summary - smart Anganwadis new experience to the children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.