പൊലീസിന് എ.കെ.ജി സെന്ററിലെ അടിമപ്പണി; എല്ലാ പിന്‍വാതില്‍ നിയമന വിവരങ്ങളും യു.ഡി.എഫ് പുറത്ത് വിടും -വി.ഡി സതീശൻ

തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമനങ്ങള്‍ സി.പി.എമ്മിന് വിട്ടുകൊടുത്ത മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസിന്റെ ജോലിയുമായി ഡി.വൈ.എഫ്‌ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സര്‍വീസ് കമ്മീഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആകുകയാണ്. എസ്.ഐയും പൊലീസുകാരനും നോക്കി നില്‍ക്കുമ്പോഴാണ് പ്രിന്‍സിപ്പലിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. എന്നിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. മേയര്‍ക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യുക്കാരെ റോഡിലിട്ട് ചവിട്ടിക്കൂട്ടിയതും പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ്.

സ്‌കോട്ട്‌ലന്റ് യാഡിനെ വെല്ലുന്ന കേരളത്തിലെ പൊലീസ് എ.കെ.ജി സെന്ററില്‍ അടിമപ്പണിയെടുക്കുകയാണ്. പൊലീസിനെ പൂര്‍ണമായും എ.കെ.ജി സെന്ററിന് പണയപ്പെടുത്തിയിരിക്കുകയാണ്. ഡി.ജി.പിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.കെ.ജി സെന്ററില്‍ നിന്നും പറയുന്ന പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു അക്രമവും നടത്താതെ സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ ഇന്നലെ റിമാന്‍ഡ് ചെയ്തു. പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ഓഫിസില്‍ നിന്നും എഴുതിക്കൊടുത്ത പേരനുസരിച്ചാണ് മൂന്നു പേരെയും റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ കുട്ടികള്‍ ഏതെങ്കിലും അക്രമത്തില്‍ ഏര്‍പ്പെട്ടിണ്ടുണ്ടെന്ന് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുകയാണ്. തുടര്‍ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിന്. എല്ലാം പാര്‍ട്ടി അണികള്‍ക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി ഉറങ്ങുകയാണ്. സി.പി.എമ്മുകാരാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത പൊലീസുകാര്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നത് മാത്രമെ അനുസരിക്കൂവെന്ന അവസ്ഥയാണ്.

തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന നിയമന അഴിമതി മൂടിവക്കാനാകില്ല. ഈ അധ്യായം അടഞ്ഞെന്നാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എം.വി ഗോവിന്ദന്‍ പറഞ്ഞാല്‍ അടയുന്ന അധ്യായമല്ലത്. കേരളത്തില്‍ എല്ലാ വകുപ്പികളിലും ഇതുപോലുള്ള അഴിമതി നിയമനങ്ങള്‍ നടന്നിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ നിന്ന് കത്ത് കൊടുത്ത് വ്യവസായ വകുപ്പിലുള്‍പ്പെടെ ആയിരക്കണക്കിന് അനധികൃത നിയമനങ്ങള്‍ നടത്തി. സംസ്ഥാനത്ത് നടന്ന എല്ലാ അനധികൃത നിയമനങ്ങളെക്കുറിച്ചും പഠിച്ച് അതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വിടാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - Slave labor at AKG center for police; UDF will release all backdoor recruitment - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.