തൃശൂര്‍: സി.ഐ.ടിയു പ്രവര്‍ത്തകൻ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും. തൃശൂര്‍ ഒന്നാംക്ലാസ് അഡി. സെഷന്‍സ് കോടതി ജഡ്ജ് ടി.കെ. മിനിമോളാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും വിധിച്ചു.
പ്രതികളായ കാളത്തോട് ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 21നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുഡ്‌സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികള്‍ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
സാക്ഷികളെ പ്രതികള്‍ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടല്‍ നടത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. വിറ്റ്നസ് പ്രൊട്ടക്ഷന്‍ കാറ്റഗറിയില്‍പ്പെടുത്തി സാക്ഷികള്‍ക്ക് പൊലിസ് സുരക്ഷയും ഹൈകോടതി അനുവദിച്ചിരുന്നു. 68 ഓളം സാക്ഷികളെ കേസില്‍ വിസ്തരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍, വിരലടയാളം, ഡി.എന്‍.എ പരിശോധനാ ഫലങ്ങള്‍ എന്നിവ പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.