സംസ്ഥാനത്തെത്തിയ ആറു പ്രവാസികൾക്ക്​ കോവിഡ്​ ലക്ഷണം; ആശുപത്രികളിലേക്ക് മാറ്റി

കോഴിക്കോട്​: ബഹ്‌‍‍റൈനില്‍ നിന്ന് ചൊവ്വാഴ്​ച പുലർച്ച 12.30ന്​ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്​.

ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി. ദുബൈയിൽ നിന്ന്​ നെടുമ്പാശ്ശേരി അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ രണ്ട്​  പ്രവാസികൾക്കും കോവിഡ്​ ലക്ഷണങ്ങൾ കണ്ടെത്തി​. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരിൽ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്ന്​ മൂന്ന് പേരെ​ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 

കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലക്ക്​ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയുമാണ്​ മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെയാണ്​ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയി​ലേക്ക്​ മാറ്റിയത്​​. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.

Tags:    
News Summary - six expatriates covid 19 symptoms; hospitlised -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.