മുത്തലാഖിനെതിരെ ആവേശം കാട്ടുന്ന ബി.ജെ.പി ഹിന്ദുക്കളിലെ അസമത്വങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്നു –യെച്ചൂരി

ആലപ്പുഴ: മുത്തലാഖിന്‍െറ പേരില്‍ ആവേശം കാട്ടുന്ന ബി.ജെ.പിയും നരേന്ദ്രമോദിയും ഹിന്ദു സമൂഹത്തിലെ അസമത്വങ്ങള്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ചോദ്യംചെയ്യുന്നതാണ് മുത്തലാഖിന്‍െറ പേരില്‍ നടക്കുന്ന നടപടികള്‍. എന്നാല്‍, അതിനെ ചോദ്യംചെയ്യുന്നവര്‍ മുസ്ലിംകളെ ലക്ഷ്യംവെച്ച് ഏക സിവില്‍ കോഡ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ 70ാം വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ക്കിടയില്‍ സ്ത്രീ-പുരുഷ തുല്യത എത്രമാത്രമുണ്ടെന്ന് പരിശോധിക്കണം. പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശമില്ല. കൂട്ടുകുടുംബ വ്യവസ്ഥ നിലനിര്‍ത്തി നികുതി വെട്ടിപ്പ് നടത്തുന്നതിനെക്കുറിച്ചും ബി.ജെ.പിക്ക് മൗനമാണ്. അതേസമയം, മുസ്ലിംകളെ രണ്ടാംതരക്കാരായി കണ്ട് ഭീകരതയുടെ പേരില്‍ മോദി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ജാതിമത ചിന്തകള്‍ക്കതീതമായി ഭീകരത എതിര്‍ക്കപ്പെടണം. എന്നാല്‍, ഇപ്പോള്‍ മിന്നല്‍ ആക്രമണം നടത്തിയെന്ന് അഭിമാനിക്കുന്നവര്‍ അതിന്‍െറപേരില്‍ സൈന്യത്തിന്‍െറ മുന്നേറ്റത്തെ ദുരുപയോഗം ചെയ്യുകയാണ്.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും മോദി ഹിന്ദുത്വ രാഷ്ട്രീയമാണ് കളിക്കുന്നത്. കഴിഞ്ഞദിവസം ഭോപ്പാലില്‍, വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചപ്പോള്‍ മോദി വിസ്മരിച്ചത് മരണാനന്തര പരമവീരചക്രം ലഭിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്, ബ്രിഗേഡിയര്‍ ഉസ്മാന്‍ എന്നിവരെയാണ്. ഇവരെപ്പോലുള്ള ധീരദേശസ്നേഹികളെ മോദി വിട്ടുകളയുന്നത് വോട്ട് ബാങ്കിനും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനും വേണ്ടിയാണ്.

പാകിസ്താന്‍ വിരുദ്ധ വികാരത്തെ മുസ്ലിം വിരുദ്ധ വികാരമാക്കി മാറ്റി ഹിന്ദു വോട്ടുകള്‍ നേടാനുള്ള കുശാഗ്രബുദ്ധിയാണിത്. വര്‍ഗീയത, നവ ഉദാരവത്കരണം, അമിതാധികാരപ്രവണത, സാമ്രാജ്യത്വത്തിന്‍െറ വക്താവായി നിന്ന് അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ട്ണറാവുക എന്നിങ്ങനെ ചതുര്‍മുഖ രാഷ്ട്രീയമാണ് മോദിക്കുള്ളത്.

ഗോരക്ഷയുടെപേരില്‍ ദലിതുകളെയും മുസ്ലിംകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തെയോ മതേതരത്വത്തെയോ സംരക്ഷിക്കാന്‍ ഒരിക്കലും കഴിയില്ളെന്നും യെച്ചൂരി പറഞ്ഞു. വിദ്യാഭ്യാസത്തില്‍ കാവിവത്കരണം നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ എല്ലാ മേഖലയെയും ആര്‍.എസ്.എസ് നയത്തിന് അടിമപ്പെടുത്തുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു.

തുരുമ്പിച്ച ആശയങ്ങളുമായി ന്യൂനപക്ഷങ്ങളിലും ദലിത് സമൂഹത്തിലും ആര്‍.എസ്.എസ് ഭീതിപരത്തുകയാണ്. മോദിയുടെ അര്‍ധ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം കമ്മിറ്റി പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.

 

Tags:    
News Summary - Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.