തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ശനിയാഴ്ച വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് തിരികെ വാങ്ങി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടികൾ ഡിസംബർ അവസാനം വരെ നീട്ടണമെന്നായിരുന്നു ആവശ്യം.
എന്നാൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനാവുമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറുടെ പ്രതികരണം. കരട് പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഡിസംബർ ഒമ്പതിന് തന്നെ പുറത്തിറക്കും.
എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം വിതരണം നടന്നുവരുന്ന സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചത്. ഇതിന് മുമ്പ് നടന്ന യോഗങ്ങളിൽ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യം ശനിയാഴ്ച ചേർന്ന യോഗത്തിലും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 85 ശതമാനം എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്തുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു.
എന്നാൽ ഫോറം വിതരണം മാത്രമാണ് നടന്നതെന്നും 19 ദിവസത്തിനകം ഇത്രയധികം ഫോറം തിരിച്ചുനൽകൽ മനുഷ്യസാധ്യമല്ലെന്നും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സംസാരിച്ച എം.വി. ജയരാൻ ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ ഡ്യൂട്ടിയുടെ ഭാഗായ 30,500 ജീവനക്കാരിൽ നല്ലൊരു ശതമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പിന്റെ ചുമതലയും വഹിക്കുന്നു. ഇവർ ഏത് ജോലിയാണ് ചെയ്യുക. സർക്കാർ ജീവനക്കാരുടെ സംഘടനകൾ ഇതിലെ ബുദ്ധിമുട്ട് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടും ഗൗരവമായെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ പാടില്ലെന്ന് ഞങ്ങൾ പറയില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടപടികൾ പൂർത്തിയാക്കുന്ന തീയതി നീട്ടിയാൽ എതിർക്കില്ലെന്ന് ബി.ജെ.പിയെ പ്രതിനിധീകരിച്ച ജെ.ആർ. പത്മകുമാർ പറഞ്ഞു. ഫോം വിതരണം പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് സി.പി.ഐയെ പ്രതിനിധീകരിച്ച് സംസാരിച്ച സത്യൻ മൊകേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരുമിച്ച് നടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പിനിടയിൽ തന്നെ എസ്.ഐ.ആർ നടത്തണമെന്ന് വാശി എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ഫോം വിതരണം ചെയ്തില്ലെങ്കിലും ചെയ്തുവെന്ന് അപ്ഡേറ്റ് ചെയ്യാൻ ബി.എൽ.ഒമാർക്ക് നൽകിയ നിർദേശം ദൂരുഹമാണെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച എം.കെ. റഹ്മാൻ പറഞ്ഞു. സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), ജയകുമാർ (ആർ.എസ്.പി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.