തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോം വിതരണം 97 ശതമാനം പൂർത്തിയായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ബൂത്തുകളിൽ ‘കലക്ഷൻ ഹബുകൾ’ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള ബി.എൽ.ഒമാരുടെ സമർപ്പിതവും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനമാണ് ഫോം വിതരണം 97 ശതമാനത്തിലേക്ക് എത്താൻ സഹായകരമായത്.
തെരഞ്ഞെടുപ്പ് സംവിധാനം, ജില്ല ഉദ്യോഗസ്ഥർ, ഫീൽഡ് സ്റ്റാഫ് എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനമായാണ് എസ്.ഐ.ആർ ദൗത്യം മുന്നോട്ടുപോകുന്നത്. ഈ പ്രവർത്തനങ്ങളിൽ ബി.എൽ.ഒക്കോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ശേഷിക്കുന്ന ഘട്ടങ്ങൾ സുഗമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിൽ ബി.എൽ.ഒ.മാർക്ക് ജില്ല ഭരണകൂടങ്ങൾ സൗകര്യമൊരുക്കും.
പ്രത്യേക ക്യാമ്പുകൾ സ്ഥാപിക്കൽ, പ്രാദേശിക പിന്തുണ, നിശ്ചിത സമയപരിധിക്കുള്ളിൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ബി.എൽ.ഒ.മാരെ സഹായിക്കുന്നതിന് സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതുമായ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.