എസ്.ഐ.ആർ ഫോമുമായി പരപ്പനങ്ങാടി ടൗൺ ബൂത്ത് ബി.എൽ.ഒ പനക്കൽ നബീൽ രാത്രിയിൽ ടൗൺ ചുറ്റുന്നു
പരപ്പനങ്ങാടി (മലപ്പുറം): പകൽ വീട്ടിൽ പോയാൽ ആളെ കണ്ടില്ലങ്കിൽ രാത്രി നാട്ടിൽ തിരഞ്ഞു പിടിച്ച് എസ്.ഐ.ആർ അപേക്ഷ ഫോറം കൈമാറുന്ന നിരവധി ബി.എൽ.ഒമാരാണ് സംസ്ഥാനത്തുള്ളത്. പരപ്പനങ്ങാടി ടൗൺ ബൂത്തിലെ ബി.എൽ.ഒ പനക്കൽ നബീലും ഇത്തരത്തിലൊരാളാണ്. രാത്രി ഒമ്പത് മണി കഴിഞ്ഞും എസ്.ഐ.ആർ ഫോറവുമായി പരപ്പനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി അർഹരെ തിരഞ്ഞു കണ്ടെത്തുകയാണ് നബീൽ.
ഫോറം ലഭിക്കാതെ ഒരാളുടെയും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടെന്ന ചിന്തിലാണ് നബീൽ എല്ലാവർക്കും ഫോം എത്തിച്ചുനൽകുന്നത്. പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിലെ ചില വീട്ടുകാരെ പകൽ സമയത്ത് വീടുകളിൽ കാണാതെ വന്നപ്പോൾ രാത്രിയിൽ അവരുടെ കച്ചവട സ്ഥാപനങ്ങളിലെത്തി ഫോറം കൈമാറി. വീട്ടുകാർക്കെല്ലാം സംശയ ദുരീകരണത്തിന് ഫോറത്തോടൊപ്പം തന്‍റെ ഫോൺ നമ്പർ നൽകിയാണ് ഇദ്ദേഹം വീടുകൾ കയറിയിറങ്ങുന്നത്.
സംസ്ഥാനത്ത് നവംബർ 25നുള്ളിൽ എസ്.ഐ.ആറിന്‍റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയാക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കറുടെ നിർദേശം. കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം നിർദേശിച്ചത്. ബി.എൽ.ഒമാർ ഫോം വിതരണം സമയബന്ധിതമായി നടത്തുന്നുണ്ടെന്ന് ഇ.ആർ.ഒമാരും സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ സംബന്ധിച്ചിടത്തോളം നവംബർ 25ന് മുമ്പ് തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളില്ല. വോട്ടർമാർക്ക് ശരിയായി വിവരങ്ങൾ കൈമാറണമെന്നും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്ന ഇടപെടലുകളുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് വിമർശനമുയർന്നിരുന്നു.
എസ്.ഐ.ആർ പ്രവർത്തനങ്ങളിലെ ഏറ്റവും നിർണായക ഘട്ടമാണ് എന്യൂമറേഷൻ ഫോം വിതരണവും വിവരശേഖരണവും. 2.78 കോടി പേരുടെ വീടുകളിലെത്തി വിവരശേഖരണം നടത്താൻ ഒരുമാസമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 15 ബി.എൽ.ഒമാർക്ക് ഒരു സൂപ്പർവൈസറെയും സംശയനിവാരണങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും രണ്ട് ട്രെയിനർമാരെയും നിയോഗിച്ചാണ് പ്രവർത്തനങ്ങൾ. 2002ലെയും 2025ലെയും വോട്ടർ പട്ടികയിലുള്ളവരെ ഇതിനോടകം മാപ്പ് ചെയ്തിട്ടുണ്ട്.
നവംബർ എട്ട് വരെയുള്ള കണക്ക് പ്രകാരം ഇത്തരത്തിൽ മാപ്പിങ് പൂർത്തിയാക്കിയത് 1.13 കോടി പേരുടെ വിവരങ്ങളിലാണ്. മൊത്തം വോട്ടർമാരുടെ 40 ശതമാനം വരുമിത്. അതേസമയം 2002ലെ പട്ടികയിലുൾപ്പെടാത്തവരെ 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട രക്ഷിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യുന്ന ‘ആഡ് പ്രജനി’, ‘സെൽഫ് പ്രജനി’ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. വിവരശേഖരണം ആറ് ദിവസം പിന്നിടുമ്പോൾ ആകെ വിതരണം ചെയ്തതത് 64.45 ലക്ഷം ഫോമുകളാണ്. (23. 14 ശതമാനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.