സിൽവർ ലൈൻ ബാധിക്കുക 9314 കെട്ടിടങ്ങളെ മാത്രമെന്ന് ലഘുലേഖ

തിരുവനന്തപുരം: സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ 9314 കെട്ടിടങ്ങളെ മാത്രമേ പദ്ധതി ബാധിക്കുന്നുള്ളൂവെന്ന് സി.പി.എം ലഘുലേഖ.

തൃക്കാക്കരയിലെ പ്രചാരണച്ചൂട് ഇറങ്ങിയതിനു പിന്നാലെ, സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി വീടുകൾ കയറിത്തുടങ്ങിയ സി.പി.എം വിതരണം ചെയ്യുന്ന ലഘുലേഖയിലാണ് ഈ അവകാശവാദം.

'സിൽവർ ലൈൻ പദ്ധതി പ്രചാരണവും യാഥാർഥ്യവും' എന്ന ലഘുലേഖയുമായാണ് പ്രവർത്തകർ വീടുകളിലേക്കെത്തുന്നത്. പൊതുവായി ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങളും അവക്കുള്ള ഉത്തരവും കൂടാതെ, എന്താണ് സമരക്കാരുടെ ഉദ്ദേശ്യമെന്ന വിശദീകരണവും അടങ്ങുന്നതാണ് ലഘുലേഖ. ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിലേക്ക് നേതൃത്വം കേന്ദ്രീകരിച്ചിരുന്നതിനാൽ പ്രചാരണം തൽക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം പദ്ധതിക്ക് 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരിക. സ്ഥലമേറ്റടുപ്പിന് 13,362.32 കോടി രൂപ ആവശ്യമായി വരും. അതുകൊണ്ട് ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമുൾപ്പെടെ പദ്ധതികൾ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ടെന്നും അവകാശപ്പെടുന്നു. നിലവിലെ നിലയിൽ 63.941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നീളുമ്പോൾ ചെലവ് വർധിക്കും. മൂലധന ചെലവുകൾക്ക് കടമെടുക്കാതെ ഒരു സംസ്ഥാനത്തിനും മുന്നോട്ട് പോകാനാവില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം വരുമാനവും വർധിപ്പിക്കും. ടിക്കറ്റ്, റോറോ നിരക്ക് ഇവയിൽ നിന്ന് 2025-26 വർഷം 2513 കോടിയും 2031-32 ൽ 4878 കോടിയും 2042-43 ൽ 11,030 കോടിയും വരുമാനം പ്രതീക്ഷിക്കുന്നു. 2072-73 ൽ 81,983 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. വരുമാനത്തിൽനിന്ന് ചെലവ് കുറച്ചാൽ പദ്ധതി ലാഭകരമായിരിക്കും. നഷ്ടപരിഹാരം കണക്കാക്കുന്ന രീതി, സ്റ്റാൻഡേർഡ് ഗേജ് എന്തുകൊണ്ടാണ് സ്വീകരിച്ചത്, പദ്ധതി പ്രകൃതിയെ നശിപ്പിക്കുമോ, കേരളത്തെ രണ്ടായി മുറിക്കുമോ, സിൽവർ ലൈനിനു പകരം ദേശീയപാത വികസനം പോരേ, റെയിൽ പാത നവീകരണം പോരേ തുടങ്ങിയ ചോദ്യങ്ങൾക്കും ലഘുലേഖ ഉത്തരം നൽകുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ 638 ാമത്തെ ഇനമായി സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പറഞ്ഞിരുന്നു.

ഈ വാഗ്ദാനം പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് സിൽവർ ലൈൻ പദ്ധതിയുടെ നടപടികളിലേക്ക് സർക്കാർ കടന്നത്. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിന് പ്രധാന കാരണം വാഗ്ദാനങ്ങൾ പൂർത്തിയാക്കിയതാണെന്ന് യു.ഡി.എഫിനും ബി.ജെ.പിക്കുമറിയാം. അതിനാലാണ് തെരഞ്ഞെടുപ്പ് കാലത്തില്ലാതിരുന്ന എതിർപ്പ് പദ്ധതിക്കെതിരെ കൊണ്ടുവരുന്നത്. മഴവിൽ സഖ്യമുണ്ടാക്കി എൽ.ഡി.എഫിനെ ഒറ്റപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണമെന്നും ലഘുലേഖ പറയുന്നു. 

Tags:    
News Summary - Silver Line will affect only 9314 buildings cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.