സില്‍വർ ലൈന്‍: ഭൂമി ഏറ്റെടുക്കല്‍ അന്തിമ അനുമതിക്കുശേഷം -കെ റെയിൽ

തിരുവനന്തപുരം: റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയശേഷം മാത്രമേ സില്‍വർ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂവെന്ന്​ കെ- റെയിൽ അധികൃതർ. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഗതാഗതവകുപ്പും റവന്യൂ വകുപ്പും നേരത്തേ വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും സാമൂഹിക ആഘാതങ്ങള്‍ പഠിക്കാനും പദ്ധതിയുടെ ആവശ്യം നിര്‍ണയിക്കാനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ- റെയിൽ അറിയിച്ചു.

സര്‍ക്കാര്‍ പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളില്‍ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. അതിനു വേണ്ടിയാണ് സര്‍വേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം സംസ്ഥാന റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫിസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ അതിരടയാള കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. ഈ ഘട്ടത്തില്‍ ആരുടെയും ഭൂമിയോ സ്വത്തോ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കൈവശപ്പെടുത്തുന്നില്ല.

സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി പദ്ധതിയുടെ അലൈന്‍മെന്റിന്റെ അതിര് അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ന്ന് സാമൂഹിക പ്രത്യാഘാതം വിലയിരുത്തുന്നതിനായി ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിങ്​ നടത്തുകയും പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്, ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ നിമയത്തിലെ എട്ട് (രണ്ട്) വകുപ്പ്​ പ്രകാരം ഉത്തരവിറക്കുന്നതാണ് അടുത്ത നടപടി. ​സിൽവർ ​ലൈൻ പദ്ധതിക്ക്​ കേന്ദ്ര റെയില്‍വേ ബോർഡിന്റെ അംഗീകാരം കിട്ടിയശേഷം മാത്രമേ, ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുകയുള്ളൂ.

Tags:    
News Summary - Silver Line: Land Acquisition After Final Approval -K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.