നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ; കേരളം ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയാര്‍ –സിദ്ധരാമയ്യ

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേയുടെ കാര്യത്തില്‍ കേരളം അവശ്യപ്പെട്ടാല്‍ ബംഗളൂരില്‍ മുഖ്യമന്ത്രിതല ചര്‍ച്ചക്ക് തയാറെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി റയില്‍വേ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍വേ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സിവില്‍ സപൈ്ളസ് മന്ത്രി യു.ടി. ഖാദര്‍, ചാമരാജ് നഗര്‍ എം.പി ദ്രുവ നാരായണ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിര്‍ദിഷ്ട റെയില്‍പാതയുടെ കാര്യത്തില്‍ കേരളത്തിന്‍െറ താല്‍പര്യത്തിനൊപ്പം നില്‍ക്കാമെന്ന് മൂവരും ഉറപ്പ് നല്‍കി. പുതിയപാത ഇരു സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരമാണ്. ഐ.ടി, വ്യവസായ രംഗത്തും ചരക്ക് ഗതാഗത മേഖലയിലും ടൂറിസം വികസനത്തിനും നിര്‍ദിഷ്ട പാത ഗതിവേഗം നല്‍കുമെന്ന് ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു. ഉത്തരേന്ത്യയിലേക്കുള്ള യാത്രദൂരം കുറയും.

ഐ.ടി നഗരങ്ങളായ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളുമായി റെയില്‍ മാര്‍ഗം ദൂരം കുറയുന്നതോടെ ഈ രംഗത്ത് കര്‍ണാടകക്ക് കൂടി ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് സംഘം മുഖ്യമന്ത്രിയടക്കമുള്ളവരെ ബോധ്യപ്പെടുത്തി. കൊങ്കണ്‍ റയില്‍വേ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഇ. ശ്രീധരന്‍െറ സേവനം നിര്‍ദിഷ്ട പാതയുടെ നിര്‍മാണത്തിന് ലഭിക്കുമെന്ന കാര്യം ശുഭസൂചകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍ എ, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കെ.ജെ. ദേവസ്യ, സജിശങ്കര്‍,  കെ. സദാനന്ദന്‍, ടിജി ചെറുതോട്ടില്‍, എ.കെ. ജിതൂഷ്, ഷിജു സെബാസ്റ്റ്യന്‍, ഡെയില്‍ മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    
News Summary - sidha ramayya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.