അടിക്കുറിപ്പ്: സിദ്ദിഖിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ പൈവളിഗെയിലെ വീട് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നു

സിദ്ദിഖ് വധം: അന്വേഷണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു

മഞ്ചേശ്വരം: പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദിഖി(32)നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പൈവളിഗെയിലെ അധോലോക സംഘത്തെ പിടികൂടാൻ മൂന്ന് സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിച്ചു.

കൊലക്ക് ശേഷം പ്രതികൾ ആദ്യം കടന്നത് കര്ണാടകയിലേക്കാണ്. പ്രതികളുടെ കൂട്ടാളിയും ബാളിഗെ അസീസ് വധക്കേസിൽ കൂട്ടു പ്രതിയുമായ മടിക്കേരി സ്വദേശിയുടെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികൾ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും വേർപിരിഞ്ഞ സംഘം ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായാണ് സൂചന.



വിദേശത്ത് ശക്തമായ വേരുകളുള്ള ഈ സംഘം കുറ്റകൃത്യം നടന്നാൽ വിദേശത്തേക്ക് കടക്കുകയാണ് പതിവ്. മുഖ്യ പ്രതിയായ ഒരാൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കേരള പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരാളെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചു പിടികൂടാനും സാധിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിയെ വിട്ടു കിട്ടാനായി റെഡ് കോർണർ നോട്ടീസ് ഇറക്കും.

സിദ്ദിഖിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് ഷാഫി ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുടെ മർദ്ദനമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് മൊഴികളിൽ നിന്നും ലഭിച്ച സൂചന.യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച വീട് ബുധനാഴ്ച ഫോറൻസിക് വിഭാഗം പരിശോധന നടത്തി. രക്ത കറയും മറ്റു തെളിവുകളും ഫോറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

Tags:    
News Summary - Siddique murder case investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.