കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട ഏഴുലക്ഷം നഷ്ടപരിഹാരത്തുക സർക്കാർ ഹൈകോടതിയിൽ കെട്ടിവെച്ചു.
സിദ്ധാർഥന്റെ മാതാപിതാക്കൾക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമീഷന്റെ 2024 ഒക്ടോബർ ഒന്നിലെ ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് മനുഷ്യാവകാശ കമീഷൻ അടക്കമുള്ളവരോട് വിശദീകരണം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട് എട്ടുമാസത്തിനുശേഷം ജൂൺ 26നാണ് ഹരജി നൽകുന്നതെന്നതിനാൽ കമീഷൻ നിർദേശിച്ച തുക കെട്ടിവെക്കാൻ ഹരജി നേരത്തേ പരിഗണിച്ചപ്പോൾ കോടതി ഉത്തരവിടുകയായിരുന്നു.
സിദ്ധാർഥന്റെ മാതാപിതാക്കളെ കക്ഷിചേർക്കാൻ നിർദേശിച്ച കോടതി, മനുഷ്യാവകാശ കമീഷൻ മുമ്പാകെ പരാതി ഉന്നയിച്ച ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിക്കും നോട്ടീസ് അയക്കാൻ ഉത്തരവായി. മൂന്നാംകക്ഷിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത് തെറ്റാണെന്നതടക്കമുള്ള വാദമാണ് സർക്കാറിന്റേത്. ഹരജി വീണ്ടും ആഗസ്റ്റ് എട്ടിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.