തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് മന്ത്രി വീണ ജോര്‍ജ്. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്.
ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നസിനായും ചികിത്സക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും.
നാല് പുതിയ സിദ്ധ വര്‍മ്മ യൂനിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാരതീയ ചികിത്സ സമ്പ്രദായങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തില്‍ പ്രചാരത്തില്‍ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
സിദ്ധ പരമാവധി ജനകീയമാക്കുന്ന കർമപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, ആറ് ഡിസ്പെന്‍സറികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ 28 സ്ഥാപനങ്ങള്‍, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ മൂന്ന് ട്രൈബല്‍ യൂനിറ്റുകള്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളില്‍ 10 അറ്റാച്ച്ഡ് യൂനിറ്റുകള്‍, മൂന്ന് ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്ത്രീകളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന വിളര്‍ച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങള്‍ എന്നിവ അകറ്റി ആരോഗ്യ പൂര്‍ണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് 'മഗളിര്‍ ജ്യോതി' എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി മൂന്ന് സിദ്ധ വര്‍മ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്, ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന എം.പി., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് പി.സി.ഒ ഡോ. ടി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.