ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സത്യവാങ്മൂലം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് കേസ് മാറ്റിവെച്ചത്.
മട്ടന്നൂര്‍ ഉള്‍പ്പെട്ട മലബാര്‍ മേഖലയിലെ റിട്ട് ഹരജികളില്‍ അപ്പീല്‍ നല്‍കുന്നതിന് ലെറ്റര്‍ പേറ്റൻറ് (മദ്രാസ്) വ്യവസ്ഥയാണ് ബാധകമെന്ന ഷുഹൈബിെൻറ മാതാപിതാക്കളുടെ ഹരജിയിലെ വാദം അംഗീകരിച്ചാൽ കേരളത്തിലെ സമാനമായ മറ്റു കേസുകളിലും ഇതേ ആവശ്യമുന്നയിച്ച് വരുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ നിന്നുതന്നെ നാലോ അഞ്ചോ കേസുകൾ തനിക്ക് മുമ്പിലെത്തിയിട്ടുണ്ടെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലിെൻറ വാദം ഖണ്ഡിച്ച് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ സുപ്രീംകോടതിയിലെത്തിയത്.
മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മട്ടന്നൂരില്‍ നടന്ന കൊലക്കേസിലെ അപ്പീല്‍ കേരള ഹൈകോടതി ഡിവിഷന് ബെഞ്ചില്‍ നിലനില്‍ക്കില്ലെന്നാണ് ഹരജിയിലെ പ്രധാന വാദം.
എന്നാൽ, ഹൈകോടതി നിയമം നിലവില്‍ വന്നതുമുതല്‍ സംസ്ഥാനത്തെ ഏതുഭാഗത്തുനിന്നുള്ള കേസുകളും ഹൈകോടതിക്ക് കേള്‍ക്കാമെന്നും അല്ലാത്തപക്ഷം മലബാര്‍ മേഖലയിലെ ക്രിമിനല്‍ കേസുകളിലെ സിംഗിള്‍ ബെഞ്ചിെൻറ ഉത്തരവിനെതിരായ അപ്പീലുകള്ക്കെല്ലാം സുപ്രീംകോടതിയില്‍ പോകേണ്ടിവരുമെന്നും സംസ്ഥാന സർക്കാർ എതിർവാദമുയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.