കോഴിക്കോട്: അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി എം.എസ് സൊലൂഷൻസ് സി.ഇ.ഒ ഷുഹൈബ് സമ്മതിച്ചെന്നും എന്നാൽ, മറ്റു പ്രതികളാണ് അതിന്റെ ഉത്തരവാദികളെന്നാണ് ഷുഹൈബിന്റെ വാദമെന്നും അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടി. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ചോർന്നുകിട്ടിയ ചോദ്യപേപ്പർ െവച്ചാണ് എം.എസ് സൊലൂഷൻസ് പ്രവചനം നടത്തിയത്. നാലു പ്രതികൾ ഇതിനകം അറസ്റ്റിലായി. ഇതിൽനിന്നുതന്നെ ഗൂഢാലോചന വ്യക്തമാണ്. മറ്റു ട്യൂഷൻ സെന്ററുകൾക്കും ചോദ്യപേപ്പർ ചോർന്നുകിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പ്രതികൾക്ക് ഇതിൽ പങ്കുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അക്കാര്യം അന്വേഷിക്കുമെന്നും എസ്.പി അറിയിച്ചു. കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ ഷുഹൈബിനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയായ ഷുഹൈബ് ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുന്നത്. ചോദ്യപേപ്പർ ചോർത്തി എം.എസ് സൊലൂഷൻസിന് കൈമാറിയ മലപ്പുറം മേൽമുറിയിലെ അൺഎയ്ഡഡ് സ്കൂൾ പ്യൂൺ അബ്ദുൽ നാസറിനെ ബുധനാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എം.എസ് സൊലൂഷൻസിലെ അധ്യാപകരും കേസിലെ രണ്ടും മൂന്നും പ്രതികളുമായ മലപ്പുറം കോൽമണ്ണ തുമ്പത്ത് വീട്ടിൽ ടി. ഫഹദ്, കോഴിക്കോട് പാവങ്ങാട് ചാപ്പംകണ്ടി വീട്ടിൽ ജിഷ്ണു എന്നിവർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.