സംസ്ഥാനത്ത് മഞ്ഞപ്പിത്ത പ്രതിരോധ വാക്‌സിന് ക്ഷാമം
കൊല്ലം: മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് -ബി) പ്രതിരോധ വാക്‌സിന് സംസ്ഥാനത്തെ ആശുപത്രികളിൽ കടുത്ത ക്ഷാമം. സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും വാക്സിൻ കിട്ടാനില്ല. മരുന്ന് കടക്കാരും വിതരണ ഏജൻസികളും വാക്സിൻ ലഭ്യമല്ലെന്നാണ് പറയുന്നത്. മൂന്നുമാസമായി നിർമാതാക്കൾ ഉൽപാദനം നിർത്തിവെച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് വിതരണക്കാർ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് ഉൽപാദനം നിർത്താൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
ക്ഷാമം മുതലെടുത്ത് പഴയ സ്റ്റോക്കുള്ള ഫാർമസികൾ വലിയ വില ഈടാക്കുന്നതായി ആക്ഷേപമുണ്ട്. പി.എച്ച്.സികളിൽ നവജാത ശിശുക്കൾക്ക് കഴിഞ്ഞ മാസങ്ങളിൽ വാക്സിൻ ലഭ്യമാക്കിയിരുന്നു. അത് ഇപ്പോൾ നിലച്ചനിലയിലാണ്. നവജാത ശിശുക്കൾ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ-നഴ്സിങ് വിദ്യാർഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് വാക്സിൻ നിർബന്ധമാണ്. കുട്ടികൾക്ക് അഞ്ചുവയസ്സിനിടെ മൂന്ന് ഡോസ് എടുക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനേഷനിലൂടെ മഞ്ഞപ്പിത്ത രോഗം നിയന്ത്രണ വിധേയമായതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതോടെ ഇതിനുള്ള ചികിത്സ മരുന്നുകൾക്ക് ആവശ്യക്കാർ കുറഞ്ഞു. അഞ്ചുവർഷം മുമ്പുവരെ പ്രതിമാസം 10,000ത്തിലധികം ഡോസുകൾ കേരളത്തിൽ മാത്രം കമ്പനികൾ വിറ്റിരുന്നതായാണ് കണക്ക്. ഇപ്പോൾ കുറഞ്ഞ ആളുകൾ മാത്രമാണ് ചികിത്സതേടുന്നത്. കൂടുതലും ഇതരസംസ്ഥാനക്കാർ. ഇതോടെ കമ്പനികൾ മരുന്നിന്റെ വില വർധിപ്പിച്ചിരുന്നു. വാക്സിൻ ക്ഷാമം സൃഷ്ടിച്ച് രോഗം വീണ്ടും വ്യാപകമാക്കാനുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കരളിനെ ബാധിക്കുന്ന, മരണത്തിനുവരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് -ബി അഥവാ മഞ്ഞപ്പിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.