തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് കുടിയൊഴിപ്പിച്ച് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ ‘തീരദേശ ഇടനാഴി’ നിര്‍മാണ പദ്ധതിയുമായി സര്‍ക്കാര്‍. എല്‍.ഡി.എഫിന്‍െറ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്ത പദ്ധതിയുടെ ആശയമാണ് മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളി സംഘടനകളുമായോ പരിസ്ഥിതി പ്രവര്‍ത്തകരുമായോ ചര്‍ച്ച ചെയ്യാത്ത പദ്ധതി രാജ്യാന്തര ടൂറിസം ലോബിക്ക് കടലോരത്തെ തീറെഴുതാനുള്ള നീക്കമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. തീരവാസികളെ 50 മീറ്റര്‍ ഉള്ളിലേക്ക് പുനരധിവസിപ്പിച്ച് തുറമുഖങ്ങളെയും തീരങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല സാധ്യമാക്കി ഹരിതവനം ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് പദ്ധതി തയാറാക്കുന്നത്. ഇതിനായുള്ള വിവരശേഖരണവും ആരംഭിച്ചു. കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ വഴി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇതുസംബന്ധിച്ച് മന്ത്രിസഭയും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ചെലവ് ഏകദേശം 16,000 കോടി വരുമെന്നാണ് സൂചന. സംഭവത്തില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പുനരധിവസിപ്പിക്കുന്നത് 50 മീറ്ററിന് പകരം 30 മീറ്ററായി ചുരുക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്. 30 മീറ്ററില്‍ 15 മീറ്റര്‍ വീതിയില്‍ ഹൈവേ നിര്‍മിക്കും. 15 മീറ്റര്‍ വീതിയില്‍ ഹരിതവനം സൃഷ്ടിക്കും.
എന്നാല്‍ തൊഴിലാളികളെ തീരപ്രദേശത്തുനിന്ന് കൂട്ടത്തോടെ ഒഴിപ്പിച്ച് 500 മീറ്റര്‍ വെളിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് കുടിയിരുത്താനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ഏകദേശം 25,000 ത്തോളം കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടുമെന്നാണ് ആശങ്ക. തീരദേശ റോഡുകള്‍ വീതികൂട്ടുകയും പാലങ്ങള്‍ വഴി ബന്ധിപ്പിക്കുകയും ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് 600 കോടിയുടെ പദ്ധതിയുമുണ്ട്.
പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തത്തെി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍നിന്ന് തീരത്ത് കൂടി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണോ പിന്നിലെന്ന് സംശയമുള്ളതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്‍റ് ടി. പീറ്റര്‍ ആരോപിച്ചു. പരസ്യമായി പ്രക്ഷോഭം നടത്തുമെന്ന് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. പ്രതാപനും പ്രതികരിച്ചു. പദ്ധതിക്ക് പകരം മത്സ്യത്തൊഴിലാളികള്‍ക്ക് കുടിവെള്ളം, വിദ്യാഭ്യാസം, പാര്‍പ്പിടം, പട്ടയം എന്നിവ നല്‍കുകയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് ടി. ജെ. ആഞ്ചലോസും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.