‘തോന്നിവാസം ചെയ്താ അടിച്ച് പണി ഞാൻ തീർക്കും...’; ബി.ജെ.പി പ്രവർത്തകയെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, പരാതി നൽകി

പാലക്കാട്: ആലപ്പുഴയിലെ ബി.ജെ.പി പ്രവർത്തകയെ പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി.

പാലക്കാട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് അവർ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നിങ്ങൾ ബി.ജെ.പി പ്രവർത്തക അല്ലെ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്താ അടിച്ചു പണി തീർക്കുമെന്നും ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നത് വ്യക്തമായി കേൾക്കാം.

സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ ഉന്നയിക്കുന്നുണ്ട്. ശോഭക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. വാട്സ് ആപ്പ് കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയിരുന്നു.

പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആർ.ഡി.ഒയാണ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർ.ഡി.ഒ രേഖപ്പെടുത്തും. കൂടാതെ, പണം വാങ്ങിയെന്ന് പറയുന്ന ദേവു എന്ന വയോധികയുടെ മൊഴി കൂടി രേഖപ്പെടുത്തും.

ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും. തുടർന്നാകും വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. നേരത്തെ, വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി.

Tags:    
News Summary - Shobha Surendran files complaint for threatening BJP worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.