'ഹൃദയം പറയുന്നത് കേൾക്കൂ, അതുപോലെ ചെയ്യൂ'; വിവാഹ ട്രോളുകളോട് പ്രതികരിച്ച് ശുഐബ് മാലിക്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായി വേർപിരിഞ്ഞ് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക് നടി സന ജാവേദിനെ വിവാഹം ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. ശുഐബ് മാലിക്കിന്‍റെ മൂന്നാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ രൂക്ഷമായ ട്രോളുകളാണ് മാലിക് നേരിടേണ്ടിവന്നത്.

ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയായിരുന്നു ശുഐബിന്‍റെ ആദ്യ ഭാര്യ. 2010ൽ ഇവരുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയാണ് സാനിയ മിർസയെ വിവാഹം ചെയ്തത്. 2022ലാണ് സാനിയയും ശുഐബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു. എന്നാൽ, ഈ വർഷം സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെച്ച ചില പോസ്റ്റുകളും, ശുഹൈബ് മാലികിനെയും സനയെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉറപ്പിക്കുന്നതായിരുന്നു.

ശുഐബ് മാലിക് മൂന്നാമതും വിവാഹിതനായതിന് പിന്നാലെയാണ് സാനിയയുമായുള്ള ബന്ധം വേർപിരിഞ്ഞ വിവരം പുറംലോകമറിയുന്നത്. സാനിയയും ശുഐബ് മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിരുന്നുവെന്ന് സാനിയയുടെ കുടുംബം വെളിപ്പെടുത്തുകയായിരുന്നു.

മൂന്നാംവിവാഹത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടും സമൂഹമാധ്യമങ്ങളിലെ ട്രോളുകളോടും പ്രതികരിക്കുകയാണ് മുൻ പാക് ക്യാപ്റ്റൻ കൂടിയായ മാലിക്. സാനിയയെ വഞ്ചിച്ചുവെന്ന ആരോപണമാണ് പ്രധാനമായും മാലിക്കിനെതിരെ ഉയർന്നത്.

ഷാഡോ പ്രൊഡക്ഷൻസിന്‍റെ പോഡ്കാസ്റ്റ് എപ്പിസോഡിനിടെയാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് മാലിക് പരോക്ഷമായി പ്രതികരിച്ചത്. 'നിങ്ങളുടെ ഹൃദയം നിങ്ങളോട് എന്തുപറയുന്നുവോ, അത് ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ മറ്റുള്ളവർ എന്ത് കരുതുമെന്ന് കരുതി ചെയ്യാതിരിക്കരുത്. എന്താണ് നിങ്ങൾ ചെയ്യുന്നതെന്ന് മറ്റുള്ളവർക്ക് മനസിലാകാൻ വർഷങ്ങളെടുത്താലും നിങ്ങൾ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോകുക' -മാലിക് പറഞ്ഞു.

അതേസമയം, സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്‍റെ കുടുംബാംഗങ്ങൾക്ക് പൂർണസമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തിട്ടുമുണ്ടായിരുന്നില്ല. മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - Shoaib Malik reacts to trolls after his 3rd nikah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.