തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യമായി നൽകും.
കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവം തീരദേശത്തും സമുദ്ര ആവാസ വ്യവസ്ഥക്കും ഗുരുതര ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിച്ചു. എണ്ണ ചോർച്ചക്കുള്ള സാധ്യതയും ചരക്കുൾപ്പെടെ അവശിഷ്ടങ്ങൾ തീരത്ത് ഒഴുകിയെത്തുന്ന സ്ഥിതിയുമുണ്ട്. ഇതുമൂലമുള്ള ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തികാഘാതം കണക്കിലെടുത്താണ് സംഭവം ‘സംസ്ഥാന പ്രത്യേക ദുരന്ത’ മായി പ്രഖ്യാപിക്കുന്നതെന്ന് ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറിക്കടക്കം കൈമാറി.
ഉത്തരവിറങ്ങിയതോടെ, ദുരന്ത നിവാരണ നിയമമനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്രസർക്കാറിൽനിന്ന് ഫണ്ടും ആവശ്യപ്പെടാനുമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം കണ്ടെയ്നറുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കടൽതീരത്തുനിന്ന് നീക്കുന്ന നടപടികൾ സർക്കാർ ഊർജിതമാക്കി. വലിയൊരു പ്രദേശത്ത് അടിഞ്ഞുകൂടുന്ന വസ്തുക്കൾ നീക്കം ചെയ്യുംതോറും തിരമാലകൾക്കൊപ്പം വീണ്ടുമെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകളിലും മറ്റും അപകടകരമായ രാസവസ്തു സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കെ. രാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കൾ കരക്കടിഞ്ഞ തുമ്പ തീരം സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: അപകടത്തിൽപെട്ട കപ്പൽ മുങ്ങിത്താഴ്ന്ന മേഖലക്ക് ചുറ്റും സോണാർ സർവേക്ക് ക്രമീകരണമൊരുക്കിയതായി മന്ത്രി കെ. രാജൻ അറിയിച്ചു. കടലിന്റെ അടിത്തട്ടിലെ വസ്തുക്കൾ കണ്ടെത്താൻ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ചുള്ള ഈ സർവേയിലൂടെ കഴിയും. കടലിൽ വീണ കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സാൽവേജിങ് കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് പുറമെ, മറൈൻ എമർജൻസി റെസ്പോൺസ് ടീമടക്കമുള്ള പോർബന്തർ ആസ്ഥാനമായ ‘വിശ്വകർമ’ എന്ന സ്ഥാപനത്തെ കപ്പലിനകത്തുള്ള വസ്തുക്കൾ തിരിച്ചറിയുന്നതിനും അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനും നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.