മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുന്ന ബസുകൾക്കെതിരെ നടപടിക്ക് ആർ.ടി.ഒക്ക് തന്റേടമുണ്ടോ? വെല്ലുവിളിച്ച് ഷോൺ ജോർജ്

പ്രൈവറ്റ് ബസുകളെ നിലക്കുനിർത്തുമെന്നും മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും പറയുന്ന സർക്കാർ, ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രി പ​ങ്കെടുക്കുന്ന പരിപാടിക്കെത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കുമോയെന്ന് പി.സി. ജോർജിന്റെ മകനും കേരള ജനപക്ഷം നേതാവുമായ ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.

കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് സി.പി.എം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നതെന്നും എന്നാൽ, ഇതിൽ ഒന്നിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേക്ക് വരാൻ നിയമപരമായി അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ചാണ് സി.പി.എം പ്രവർത്തകരുമായി 90 ശതമാനം ബസുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളതെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റ് ഇങ്ങനെ: ''ഇന്ന് കോട്ടയം ടൗണിൽ മുഖ്യമന്ത്രി പ്രസംഗിക്കുകയാണ്. കർഷക സംഘം സംസ്ഥാന സമ്മേളനമാണ് വേദി. ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് സി.പി.എം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നത്. എന്നാൽ, ഇതിൽ ഒരു പ്രൈവറ്റ് ബസിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല. നിയമം ലംഘിച്ചുകൊണ്ടാണ് സി.പി.എം പ്രവർത്തകരുമായി 90 ശതമാനം ബസുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളത്. ഈ പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് ലംഘിച്ച് വാഹനം ഓടിച്ചതിന് ഇൻഷുറൻസ് പോലും ലഭ്യമാകുന്ന സാഹചര്യമില്ല. പ്രൈവറ്റ് ബസുകളെ നിലക്കുനിർത്തുമെന്നും അതുപോലെ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും പറയുന്ന സർക്കാർ ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ തയാറാകുമോ... പ്രസ്തുത വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.ടി.ഒക്ക് ചങ്കൂറ്റമുണ്ടോ'', എന്നിങ്ങനെയായിരുന്നു കുറിപ്പ്.

Tags:    
News Summary - Shaun George's challenge to RTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.