സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂർ

സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കില്ലെന്ന് ശശി തരൂർ എംപി. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്, അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും ശശി തരൂർ പറഞ്ഞു.

സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കളായ ശശി തരൂ‍ർ എം.പി, രമേശ് ചെന്നിത്തല, കെ.വി. തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സിൽവർലൈൻ വിഷയത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സി.പി.എം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണു കെ.പി.സി.സി നേതൃത്വം കരുതുന്നത്.

നീതിരഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സി.പി.എമ്മുമായി ഒരു സഹകരണവുമില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ, ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. 

Tags:    
News Summary - Shashi Tharoor says no one has barred him from attending the CPM party congress seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.