ലീഗിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ഹ​മാ​സിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് ശശി തരൂർ

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സി’നെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശി തരൂർ. ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ മനുഷ്യ മഹാ റാലിയുടെ സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് ശശി തരൂരിന്‍റെ പരാമർശം.

ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്‍റെ മറുപടിയായി ഇസ്രായേൽ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിർത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്‍റെ ഏറ്റവും മോശമായ ദുരന്തമാണ് -തരൂർ പറഞ്ഞു.

ഇത് മുസ്‌ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്‍റെ വിഷയമാണ്. ആരുടെയും മതം ചോദിച്ചിട്ടല്ല ബോംബ് വീഴുന്നത്. ഫലസ്തീൻ ജനസംഖ്യയുടെ ഒന്നുരണ്ട് ശതമാനം ക്രിസ്ത്യൻസുമുണ്ട്. അവരുടെ ഈ യുദ്ധത്തിൽ മരണപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന കാലം യാസർ അറാഫത്തിനെ മൂന്നാലു പ്രാവശ്യം നേരിൽ കണ്ട് സംസാരിക്കാൻ അവസരമുണ്ടായി. ഇന്ദിര ഗാന്ധിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയുടെ പിന്തുണ എപ്പോഴും ഫലസ്തീന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു -തരൂർ പറഞ്ഞു.


കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണ്. ഫലസ്തീനികളുടേത് ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തു നിൽപ്പാണ്. 1948 മുതൽ ഫലസ്തീനികൾ നടത്തുന്ന ചെറുത്തുനിൽപ്പാണിത്. കേന്ദ്ര സർക്കാർ ഇസ്രായേലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേൽ എന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.


പാശ്ചാത്യ രാജ്യങ്ങളുടെ ജനാധിപത്യത്തെ കുറിച്ചുള്ള അവകാശവാദം പൊള്ളയാണ്. ഉറക്കം നടിക്കുന്നവരെ ഉണർത്താനാണ് കോഴിക്കോട് എത്തിയത്. ഫലസ്തീനിൽ സമാധാനം പുലരണം. സ്വതന്ത്ര ഫലസ്തീൻ ആണ് പശ്ചിമേഷ്യൻ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും ഫലസ്തീൻ ജനതക്കായി പ്രാർഥിക്കാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Tags:    
News Summary - Shashi Tharoor calls Hamas as terrorists at Muslim League Palestine solidarity rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.