കൊല്ലപ്പെട്ട ഷാരോണും പ്രതി ഗ്രീഷ്മയും
നെയ്യാറ്റിൻകര: വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
ക്രൂര കൊലപാതകത്തിന് വധശിക്ഷക്ക് പുറമെ രണ്ട് ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപയും അന്വേഷണം വഴിതിരിച്ചുവിട്ടതിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കോടതി ചുമത്തി.
കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി.
ലൈഗിംകബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോൺ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല.
കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നിൽക്കാനുള്ള കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് കേസ് നൽകിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ വധശ്രമം നടത്തി. സമർഥമായ കൊലപാതകമാണ് ഗ്രീഷ്മ ചെയ്തത്. പ്രതികൾക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധിയിൽ ജഡ്ജി എ.എം ബഷീർ ചൂണ്ടിക്കാട്ടി.
കേസിൽ ഒന്നാം പ്രതിയായ പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്കെതിരെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാൽ, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു.
കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) 2022 ഒക്ടോബർ 14ന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മ സിന്ധു ഒത്താശ ചെയ്തെന്നും കീടനാശിനി ഗ്രീഷ്മക്ക് വാങ്ങി നൽകിയത് അമ്മാവൻ നിർമല കുമാരൻ നായരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബി.എസ്സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്.
പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നടന്ന അന്തിമവാദത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി ഇന്‍റർനെറ്റിൽ സെർച്ചിങ് നടത്തി. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ തന്നെയുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങൾ ദുരുപയോഗം ചെയ്തു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷനും ആവശ്യപ്പെട്ടു.
പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ഗ്രീഷ്മ കത്തിലൂടെ കോടതിയെ അറിയിച്ചത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എം.എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.