ഒമ്പതിൽ തോറ്റവന്‍റെ ഡോക്ടറേറ്റ്; വൈറലായി ശരീഫ് പൊവ്വലിന്‍റെ കഥ

കാസർകോടിന്‍റെ ഉൾഗ്രാമമായ പൊവ്വലിൽ നിന്നുള്ള കൊസ്റാക്കൊള്ളിപ്പയ്യൻ ഡോക്ടറേറ്റ് നേടിയ കഥ ഫേസ്ബുക്കിൽ ചർച്ചയായിരിക്കുകയാണ്. ഒമ്പതിൽ തോറ്റ് പഠിച്ച ആ യുവാവ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി നാടിന്‍റെ തന്നെ അഭിമാനമായിരിക്കുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ അസി: പ്രൊഫസറായി ജോലിചെയ്യുന്ന തന്‍റെ കഥ അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. 


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 

ജഗന്തിയന്താവിന് ഒരായിരം നന്ദി പറഞ്ഞ് കൊണ്ട്,

കാസർഗോടിൻ്റെ ഉൾഗ്രാമമായ പൊവ്വലിൽ നിന്നുള്ള കൊസ്റാക്കൊള്ളിപ്പയ്യൻ ശരീഫ്, ഡോ.ശരീഫ് പൊവ്വലായ കഥ പറയുകയാണ് ഞാനിവിടെ...

ഇക്കഴിഞ്ഞ ജൂലൈ 21 ന് കേരള കേന്ദ്രസർവ്വകലാശാലയുടെ വിദ്യാഭ്യാസ വിഭാഗം സെമിനാർ ഹാളിൽ വെച്ച് രാവിലെ പത്തേ കാലിന് ഓൺലൈനിൽ തുടങ്ങിയ എന്റെ പിഎച്ച്ഡി ഓപ്പൻ ഡിഫൻസിൻ്റെയും വൈവ വോസിയുടെയും, ഞാൻ നടത്തിയ ഗവേഷണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ആളുകൾ ചോദ്യങ്ങൾ ചോദിച്ച്‌ കഴിഞ്ഞ്
എക്സ്റ്റേണൽ എക്സാമിനറായിരുന്ന അലീഗർ മുസ്ലിം കേന്ദ്ര സർവകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോക്ടർ സാജിദ് ജമാലിന്റെ വിഷയസംബന്ധിയായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നല്കാൻ എന്നെ പ്രാപ്തമാക്കിയ സാഹചര്യങ്ങളുടെ കഥ.

അന്നേ ദിവസം കൃത്യം 12.40 ന് അദ്ദേഹം എന്നെ ഡോക്ടർ ഷെരീഫ് എന്ന് ഘനഗാംഭീര്യത്തോടെ അഭിസംബോധന ചെയ്തപ്പോൾ ഞാൻ ഹർഷപുളകിതനായ കഥ ......

ആ ഒറ്റ നിമിഷത്തിൽ എന്റെ ബാല്യവും കൗമാരവും ഒക്കെ ഒരു ഫ്ലാഷ്ബാക്കായി എൻ്റെ മനോമുകുരത്തിൽ മിന്നിത്തെളിഞ്ഞു. കൺതടങ്ങൾ ചെറുതായി നനഞ്ഞു..

13 കൊല്ലങ്ങൾക്കപ്പുറം ഒൻപതാം ക്ലാസിലെ പരീക്ഷയിൽ തോറ്റ് പോയ ഒരു ദരിദ്ര ഗ്രാമീണ ബാലൻ്റെ നിതാന്ത പരിശ്രമത്തിലൂടെയുള്ള ജീവിത വിജയത്തിൻ്റെ പൊള്ളുന്ന കഥയുടെ ഏടുകൾ ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു വരികയാണ്.

കാസറഗോട് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പെട്ട പൊവ്വൽ എന്ന ഒരു ചെറു ഗ്രാമത്തിൽ ഹുസൻകുഞ്ഞി അബ്ദുൽ ഖാദറിന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് കുഞ്ഞി (മമ്മു ) യുടേയും, ആംലപാടി ടി.എ അബ്ദുറഹിമാന്റെ മകൾ മറിയയുടേയും അഞ്ച് മക്കളിൽ മൂത്തവനായിട്ടാണ് എൻ്റെ ജനനം.

ആദ്യകാലത്ത് ഉപ്പയുടേയും കുടുബത്തിന്റെയും പ്രധാന തൊഴിൽ മീൻ വിൽപ്പനയായിരുന്നു (എന്റെ ജനന ശേഷം ഉപ്പ ആ ജോലി ചെയ്തിട്ടില്ല എന്ന് ഉമ്മ പറഞ്ഞത് ഞാനിന്നും ഓർക്കുന്നുണ്ട് ) പിന്നീട് ഇന്നും തുടരുന്ന റിക്ഷയോട്ടലായി ഉപ്പയുടെ ജീവസന്ധാരണത്തിനുള്ള വഴി.

വിദ്യാഭ്യാസപരമായോ സാംസ്കാരികപരമായോ അത്രയൊന്നും വികസിക്കാത്ത ഒരു നാടായിരുന്നു എന്റെത്. പൊവ്വൽ ഗവ: മാപ്പിള യു.പി സ്കൂളിലായിരുന്നു എന്റെ ഏഴാം ക്ലാസ് വരെയുള്ള പഠനം. മഹാ വികൃതിയായിരുന്ന, കുരുത്തക്കേടിന്റെ ഉസ്താദ് എന്ന് നാട്ടുകാരും, അധ്യാപകരും വിളിച്ചിരുന്ന ഞാൻ സ്കൂളധികൃതരുടെ നോട്ടപ്പുള്ളിയുമായിരുന്നു. ചില അധ്യാപകരെങ്കിലും എന്നെ തല്ലാൻ ഭയപ്പെട്ടിരുന്നെങ്കിലും ബാപ്പയോട് ഓരോ ദിവസത്തെ കുരുത്തക്കേടും എണ്ണിയെണ്ണി പറഞ്ഞ് കൊടുക്കുമായിരുന്നു.

നല്ല ദേഷ്യക്കാരനായിരുന്ന ബാപ്പ അവർ പറഞ്ഞതിനെല്ലാം കണക്കാക്കി എനിക്ക് നല്ല ശിക്ഷ നൽകിയിരുന്നു. ഓർമ്മിച്ച് നോക്കിയിൽ കൃത്യം 7 പ്രാവശ്യം എന്റെ കൈ ഒടിഞ്ഞിട്ടുണ്ട്; അതിൽ 4 പ്രാവശ്യവും ഉപ്പ അടിച്ച് പൊട്ടിച്ച ഒടിവായിരുന്നു, ആളുകൾ പറഞ്ഞ് കേട്ടതനുസരിച്ച് എന്റെ കൈയിലിരിപ്പ് നോക്കിയാൽ എന്നെ ബാക്കി വെച്ചത് തന്നെ ഭാഗ്യം എന്നാണ് അവർ പറയാറ്. എങ്കിലും ഒരു പാട് അധ്യാപകർ എനിക്ക് കലർപ്പില്ലാത്ത സ്നേഹം പകർന്നു തന്നിട്ടുണ്ട്. കൈ ഒടിഞ്ഞ കാലത്ത് എന്റെ സ്കൂൾ നോട്ട് എഴുതിത്തന്നിരുന്നത് വാത്സല്യനിധിയായ കോമള ടീച്ചറായിരുന്നു, അന്നത്തെ അധ്യാപകരിൽ കുഞ്ഞി കൃഷ്ണൻ മാഷ് (മരിച്ച് പോയി), ജോസഫൻ മാഷ് , സുരേന്ദ്രൻ മാഷ് , ഇബ്രാഹിം മാഷ് , അലി മാഷ്, പ്രീത ടീച്ചർ, സതി ടീച്ചർ എന്നിവരുടെ സ്നേഹത്തോടെയുള്ള കരുതലിനെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു.

എഴാം ക്ലാസ് പഠനം കഴിഞ്ഞ ഉടൻ ഞാൻ ഐസ് വിൽക്കാനും, മിട്ടായി കച്ചവടത്തിനും പോയി. തുടർ പഠനം നടത്താൻ 3 കിലോമീറ്റർ അപ്പുറത്തുള്ള ബോവിക്കാനം സ്കൂളിലാണ് ചേരേണ്ടത്, പലരും പറഞ്ഞു മതി പഠിച്ചത് കുടുബത്തെ സഹായിക്ക്, അതൊന്നും ചെവി കൊള്ളാതെ ബോവിക്കാനം ബി.എ.ആർ ഹയർസെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ ഉപ്പ ചേർത്തു. വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ നിരോധിച്ചിരുന്നെങ്കിലും ആ സ്കൂളിൽ സജീവമായിരുന്നു. MSF എന്ന വിദ്യാർത്ഥി സംഘടനയിൽ ഒരു മെമ്പർഷിപ്പ് കിട്ടാൻ അന്നത്തെ നേതാവായിരുന്ന മൻസൂർ മല്ലത്തിന്റെ പിന്നാലെ ദിവസങ്ങളോളം നടന്നിട്ടുണ്ട്.

പെട്ടന്നായിരുന്നു ചോട്ടാ നേതാവായത്. മാസത്തിൽ ഒരു സമരം എന്തായാലും ഉണ്ടാവും, അതിന് മുദ്രാവാക്യം വിളിച്ച് നേതൃത്യം നൽകിയത് ഞാൻ തന്നെ. അതോടെ അവിടെയും നോട്ടപ്പുള്ളിയായി. ഇങ്ങനെയൊക്കെ ആണെങ്കിലും ദാരിദ്ര്യം കൂടെത്തന്നെ ഉണ്ടായിരുന്നു. ഉച്ചക്ക് ഭക്ഷണം കൊണ്ട് പോകാറില്ല. ഉച്ചക്കഞ്ഞി നടപ്പിലാക്കുന്നതിന് മുമ്പത്തെ കാലമായിരുന്നു അത്. (വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഞങ്ങൾ 7 പേർക്ക് തികയാറ് പോലുമില്ലയിരുന്നു, എന്നാലും ഓലമേഞ്ഞ വീട്ടിൽ നിന്ന് പലരുടേയും സഹായത്തോടെ ഓട് മേഞ്ഞ വീട്ടിലേക്ക് ഇതിനിടയിൽ ഞങ്ങൾ മാറിയിരുന്നു )
ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ കൊടുക്കാൻ പൈസ ഉണ്ടാവില്ല, ബസിന് ST നൽകാനായി ഉപ്പ കൃത്യമായി ആഴ്ചക്ക് 5.രൂപ മാത്രമേ തരൂ. ചിലപ്പോൾ ശനിയാഴ്ചയും, ഞായറാഴ്ചയും ഐസ് വിറ്റ് കിട്ടിയ പൈസ കൈയ്യിൽ ഉണ്ടെങ്കിൽ അത് വെച്ച് ഒരു പൊറോട്ടയും സാമ്പാറും വാങ്ങി വയറ് നിറച്ചു. അല്ലാത്ത സമയത്ത് നന്നായി വിശന്നാൽ സ്കൂൾ കോമ്പൗണ്ടിന് പുറത്തെ പൈപ്പിലെ വെള്ളം കുടിച്ച് വിശപ്പ് അടക്കും, പിന്നീട് അത് ശീലമായി. ഉച്ചക്ക് ഭക്ഷണം വേണ്ടാതായി. വൈകുന്നേരം വീട്ടിൽ വന്നാൽ ഉമ്മ എന്തെങ്കിലും ഉണ്ടാക്കിയത് എടുത്ത് കഴിക്കും.

BARHSലും എൻ്റെ കുരുത്തക്കേടിന് യാതൊരു കുറവുമില്ലായിരുന്നു അതിനിടയിലും ചില അധ്യാപകർക്ക് ( വൽസല ടീച്ചർ, ഹസ്സൻ മാഷ്, സലാം മാഷ്, ദിനേഷ് മാഷ് , നാരായണൻ മാഷ് എരിഞ്ചേരി, കണക്കിന്റെ മറ്റൊരു നാരായണൻ മാഷ് ) എന്നോട് ഇഷ്ടമായിരുന്നു , പലപ്പോഴും എന്നെ ശരിയുടെ വഴിക്കാക്കാനായി തിരുത്താൻ ശമിച്ചു. ഒൻപതാം ക്ലാസിൽ മത്സരിച്ച് വിജയിച്ച് ലീഡറായി നന്നാവാൻ ശ്രമിച്ചു നടന്നില്ല. വർഷാവസാനം കൂടെ പഠിച്ച പെൺകുട്ടിയെ തല്ലിയ കാരണത്തിന് ക്ലാസിൽ നിന്ന് പുറത്താക്കി. ഉമ്മ ഉപ്പ എന്നൊക്കെ പറഞ്ഞ് പലരേയും കൊണ്ട് പോയെങ്കിലും ക്ലാസിൽ കയറ്റിയില്ല, യഥാർത്ഥ ഉമ്മയെ കൊണ്ട് പോയപ്പോഴും ഞാൻ പറ്റിക്കുകയാണെന്നാണ് ഹെഡ്മാസ്റ്റർ കരുതിയത്. അവസാനം പരീക്ഷ എഴുതാൻ സമ്മതിച്ചു. പക്ഷെ എന്നെ തോൽപ്പിച്ച് കളഞ്ഞു.

രണ്ട് മാസത്തെ സ്കൂൾ അവധിക്ക് കർണാടകയിൽ റോഡ് വെട്ടുന്ന കൂലിപ്പണിക്ക് പോയി . ഹെഡ് മാസ്റ്റർ എന്റെ ശല്യം ഒഴിഞ്ഞു എന്ന് കരുതിയതാണ്. കാരണം ഒൻപതിൽ തോറ്റവർ തുടർപഠനത്തിന് വരുന്നത് വളരെ അപൂർവ്വമായ കാലമായിരുന്നു അന്നത്തേത്. നന്നാവാനായി സ്കൂൾ മാറാൻ ശ്രമിച്ചു നോക്കി. സ്കൂളന്വേഷിച്ച് ചെർക്കളയിലും, ആംലംപാടിയിലും പോയി എന്റെ കുരുത്തക്കേട് അറിഞ്ഞത് കാരണം എവിടെയും എടുക്കാത്ത നോട്ടായി മാറി ഞാൻ. ഗതിയില്ലാതെ
BARHSൽ ഒൻപതാം ക്ലാസിൽ ഒരു വർഷം കൂടി ഇരുന്നു (ഇതേ ക്ലാസിൽ ഞാൻ പിന്നീട് മൂന്ന് മാസം അധ്യാപകനായി BEd പരിശീലന സമയത്ത് ഉണ്ടായിരുന്നു എന്നത് കാലത്തിന്റെ കാവ്യനീതി )

രണ്ട് മാസത്തെ ഇടവേളയിൽ കാസറഗോട് ചെമ്മനാട് കൊമ്പനടുക്കയിലെ ജിന്ന് ഔക്കർച്ചന്റെ ഒരു അനാദി കടയിൽ ജോലിക്ക് നിന്നു (അവിടേക്ക് എത്തിച്ചത് ജയനാദം കാൽദുച്ച എന്നറിയപ്പെടുന്ന ഖാലിദ് പൊവ്വലായിരുന്നു), പത്തിൽ എത്തിയപ്പോൾ ക്ലാസ് ഡിവിഷൻ മാറ്റി. ശല്യം കാരണം കുര്യാക്കോസ് മാഷ് ക്ലാസിൽ വരുമ്പോൾ തന്നെ പറയും Yes BBC get out from my class (BBC ബാക്ക് ബെഞ്ച് കംപനീസ് ), എന്റെ കൂടെ ബാക്ക് ബെഞ്ചിൽ ഇരുന്നവരിൽ ഞാൻ ഒഴികെ മറ്റാരും SSLC പാസായിട്ടില്ല. BBC യായ ഞാൻ പത്ത് പാസ്സായത് ഇന്നും അൽഭുതത്തോടെ കാണുന്നവരുണ്ട്.

പരീക്ഷ ഫലം ആദ്യമായി ഇന്റർനെറ്റിലൂടെ വന്ന വർഷമായിരുന്നു അത്. അപ്പോൾ ഞാൻ എറണാകുളത്ത് മമ്മദ്ച്ചാന്റെ AM എന്റർപ്രൈസിലെ (ഇപ്പോഴത്തെ കാസറഗോട്ടെ സൽമാൻ സാനിറ്ററി വെയർസിന്റെ പഴയ രൂപം) ഗോഡൌണിൽ ജോലി ചെയ്യുകയായിരുന്നു.
261 മാർക്കിൽ തേർഡ് ക്ലാസിൽ ജയിച്ച ഞാൻ ട്രയിനിൽ കയറി നാട്ടിലെത്തി.
വീണ്ടും പഠിക്കാൻ മോഹം. ബോവിക്കാനം സ്കൂളിൽ +2 കോഴ്സ് ലഭിച്ച് ഒരു വർഷം കഴിഞ്ഞതേ ഉള്ളൂ , ഉമ്മയുടെ ജേഷ്ഠത്തിയുടെ ഭർത്താവായ എന്റെ മൂത്ത A.S അബ്ദുല്ല കുഞ്ഞി സ്കൂളിന്റെ അന്നത്തെ മാനേജറുമായി നല്ല അടുപ്പമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് എനിക്ക് മാനേജർ ഹ്യൂമാനിറ്റീസിൽ സീറ്റ് തന്നു. പ്രിൻസിപ്പാൾ പഴയ ഹെഡ്മാസ്റ്ററായിരുന്നു. അവർ ശക്തമായി എനിക്ക് സീറ്റ് നൽകുന്നതിനെ എതിർത്തു. ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് ഉറപ്പ് നൽകിയ ശേഷമാണ് എനിക്ക് അഡ്മിഷൻ തന്നത്.

കുടുംബത്തിലെ പലരും ഇനിയും ഞാൻ പഠിക്കുന്നതിനെ എതിർത്തിരുന്നു. കാരണം ഞാൻ ജോലിക്ക് പോയാൽ ഉപ്പക്ക് ഒരു സഹായമാകുമായിരുന്നു. അത്രക്കും പ്രയാസമായിരുന്നു വീട്ടിലെ അവസ്ഥ. ഉമ്മയുടെ ആങ്ങള സലാം കാക്ക തന്ന 250 രൂപയായിരുന്നു +2 വിന്റെ പുസ്തകങ്ങളും യൂണിഫോമും വാങ്ങാനുണ്ടായിരുന്ന ആകെ മൂലധനം. ഒന്നാം വർഷം തന്നെ ഇംഗ്ലീഷ് ടീച്ചർ ഉടക്കി (സത്യത്തിൽ ഇവിടെ ഞാൻ നിപരാധിയായിരുന്നു) എന്നെ ക്ലാസിൽ നിന്ന് പുറത്താക്കി. പിന്നീട് ഒരിക്കലും ആ ടീച്ചറുടെ ക്ലാസിൽ കയറിയിട്ടില്ല. ടിച്ചർ പഠിപ്പിക്കുന്നത് ഞാൻ സ്വന്തമായി അറബി ക്ലാസിൽ ഇരുന്ന് പഠിച്ചു , കരീം കോയക്കീൽ മാഷ് അതിന് എന്നെ ഒരുപാട് സഹായിച്ചു- തോമസ് മാഷ് എന്നെ ഉപദേശിച്ച് മടുത്ത് നിർത്തിയ നേരം.

+2 വിൻ്റെ രണ്ടാം വർഷം കരീം മാഷ് ചെർക്കളയിലെ അനീസ് മാഷിന് എന്നെ പരിചയപ്പെടുത്തി. അദ്ദേഹം എന്നെ സിജിയിൽ എത്തിക്കാൻ മുജീബുളള എന്ന മനുഷ്യന്റെ മുന്നിലേക്ക് എത്തിച്ചു. അതെന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.
+2 പരീക്ഷ കഴിഞ്ഞ സമയത്ത് എന്റെ ഒരധ്യാപകൻ ചോദിച്ചു, എങ്ങനെയുണ്ട് ജയിക്കുമോ?
ഞാൻ പറഞ്ഞു ഫസ്റ്റ് ക്ലാസ് കിട്ടും.
എന്നോടദ്ദേഹം തിരിച്ച് പറഞ്ഞത് ഇങ്ങനെ "എന്നാൽ പൂച്ചക്ക് കൊമ്പ് മുളക്കുമല്ലോ?"
ഇതിനിടയിൽ
കരീം മാഷും, അനീസ് മാഷും, മുജീബുള്ളയും, മെജോ മാഷും എന്റെ പഠിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത് കൊണ്ട് നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു,
റിസൾട്ട് വന്നപ്പോ എനിക്ക് ഫസ്റ്റ് ക്ലാസ്സ്. പൂച്ചക്ക് കൊമ്പ് മുളപ്പിക്കാൻ വന്ന അധ്യാപകനെ കണ്ട് രണ്ട് റൗണ്ട് അദ്ദേഹത്തിന്റെ മുന്നിലൂടെ നെഞ്ച് വിരിച്ച് നടന്നു. ഇഗ്ലീഷ് ടീച്ചറുടെ മുമ്പിലൂടെ തലങ്ങും വിലങ്ങും കറങ്ങി നടന്നു.. കാരണം ടിച്ചർ ക്ലാസിൽ പഠിപ്പിച്ച മിടുക്കരായ കുട്ടികൾക്കും, പുറത്തിരുത്തി എഴുതിതള്ളിയ എനിക്കും മാർക്കിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. +2 വിൻ്റെ രണ്ട് മാസത്തെ അവധിക്ക് വിദ്യാനഗർ ഏലിയാട്ട് ഇന്റസ്ട്രീസിൽ ജോലി ചെയ്തു.

ഉമ്മയുടെ കൂടെ കാസറഗോട്ടേക്ക് ബസിൽ പോകുമ്പോൾ കാസറഗോട് ഗവ: കോളേജ് കാണിച്ച് ഞാൻ പറഞ്ഞിരുന്നു ഒരു നാൾ ഞാൻ ഇവിടെ പഠിക്കുമെന്ന്,
പിന്നീട് BA ഹിസ്റ്ററിക്ക് കാസറഗോട് കോളേജിൽ വിദ്യാർത്ഥിയായി വന്നു, ആ സമയത്ത് മുജീബുള്ള സ്വന്തം കൈയ്യിൽ നിന്ന് കാശ് മുടക്കി എന്നെ CLAP (സിജിയിലേക്ക് ചേരുന്നതിന്റെ ആദ്യ പടി) ന് അയച്ചു. ഒരു ദിവസത്തെ മുഴുനീള ട്രയിനിംഗ് ലഭിച്ചു, കൂടാതെ NA അബൂബക്കറിനെ (എൻഎ ഔക്കുച്ച) പരിചയപ്പെടുത്തി. അവരുടെ ഒരു പ്രൊജക്ടിൽ രാത്രി കാലങ്ങളിൽ ക്ലബുകളിൽ ക്ലാസ് എടുക്കാൻ പോയി ചെറിയ വരുമാനം ഉണ്ടാക്കിത്തന്നു . കോളേജിലെ വളർച്ച പെട്ടെന്നായിരുന്നു. ആദ്യ വർഷം തന്നെ മൽസരിച്ചു , രണ്ടാം വർഷം msf യൂണിറ്റ് ജനറൽ സെകട്ടറിയായി , പല സമയത്തും, കോളേജിൽ തന്നെ ഉറങ്ങി. അല്ലെങ്കിൽ കാസറഗോട് മണ്ഡലം ലീഗ് ആഫിസിൽ ഉറങ്ങും, അവിടന്നാണ് STU അബ്ദുറഹ്മാൻ എന്ന മനുഷ്യനെ (ഇന്നത്തെ ലീഗ് ജില്ലാ ജന:സെക്രട്ടറി എ.അബ്ദുർറഹ്മാൻ) അടുത്ത് നിന്ന് പരിചയപ്പെടുന്നത്, അദ്ദേഹത്തിന് എന്നേയും കരിം കുണിയയേയും വളരെ ഇഷ്ടമായിരുന്നു ഞങ്ങൾ രണ്ട് പേരും എവിടെ പോയി പ്രസംഗിച്ചാലും അടി നടക്കുന്ന അവസ്ഥയായി. STU എന്നോട് പറഞ്ഞു നീ ഇനി എവിടേയും പ്രസംഗിക്കാൻ പോവണ്ടാ എന്ന്...
അന്ന് ഞങ്ങളുടെ ആവേശമായിരുന്നു STU. കാരണം എല്ലാ സമയവും കോളേജ് msf കാരുടെ എന്താവശ്യത്തിനും കൂടെ ഉണ്ടാവും, എന്റെ ആവേശമായിരുന്നു കരീം കുണിയ.
ഇതിനിടക്ക് സിജിയുടെ MAP ന് എന്നെ മുജീബുള്ള അയച്ചു, അതിനുളള പൈസയും അദ്ദേഹം നൽകി, പിന്നീട് ജീവിതത്തിലെ ഒരു മെന്റർ ആയി കൂടെ നിന്നു. ഞാൻ മന്ധലം msf സെകട്ടറിയും, ശേഷം ജില്ലാ സെക്രട്ടറിയും വരെ ആയി. സംഘടനാ പ്രവർത്തനത്തിനിടക്ക് പഠനം മറന്ന് പോയി.

ആദ്യം വർഷം പൊട്ടിയ ഇംഗ്ലീഷ് പേപ്പറുകൾ പിന്നീട് എഴുതിയപ്പോഴും കിട്ടിയില്ല. കോളേജ് കഴിഞ്ഞു , കൊടിയമ്മയിലെ പാരലൽ കോളേജിൽ അധ്യാപകനായി.
പിന്നിട് അവിടെ നിന്ന് കുമ്പള മഹാത്മാ കോളേജിലേക്കും എത്തി. 3 വർഷം എടുക്കേണ്ട ഡിഗ്രി അങ്ങിനെ 4 കൊല്ലം കൊണ്ട് പൂർത്തിയാക്കി.
ക്യാംപസ് രാഷ്ട്രീയത്തിലെ നിരവധി കേസുകൾ ഒരോന്നും തീർത്ത് സമാധാനിയായി.

അതിനിടക്ക് ഞാൻ സിജിയിൽ ESH എന്ന ട്രൈനിംഗ് ഒക്കെ നൽകുന്ന ആളായിക്കൊണ്ട് സ്വന്തമായി ഒരു കരിയർ കണ്ടെത്താൻ ഓടുന്നുണ്ടായിരുന്നു, മലബാർ മേഖലകളിൽ കരിയർ ക്ലാസ് എടുത്തു കൊണ്ടുണ്ടായിരുന്ന മുജീബുള്ളയുടെ കാലിന് മതിൽ ഇടിഞ്ഞ് വീണ് പരിക്ക് പറ്റി മംഗലാപുരത്തെ ആശുപത്രിയിൽ സർജറിക്കി വിധേയനാകേണ്ടി വന്നപ്പോ, അദ്ദേഹം ഏറ്റടുത്ത ഒരുപാട് ക്ലാസുകൾ മുന്നിൽ.... മറ്റൊരു പകരക്കാരനില്ല , എന്നോട് അതൊക്കെ എടുക്കാൻ പറഞ്ഞു, എനിക്ക് അതിന്റെ അടിസ്ഥാനം പോലും അറിയില്ലായിരുന്നു , ആശുപത്രി കിടക്കയിലും, വീട്ടിൽ റെസ്റ്റിലും ഇരുന്ന് എന്നെ കരിയർ പഠിപ്പിച്ചു കൊണ്ട് ക്ലാസ് എടുക്കാൻ വിട്ടു, ആദ്യം മലബാർ മേഖലയിലും, പിന്നിട് സംസ്ഥാനം മുഴുവനും ക്ലാസ് എടുത്ത് നടക്കാനായി.
അത് എനിക്ക് ജീവിതത്തിലേക്ക് മുന്നോട്ടുള്ള വഴികാട്ടി ആയി, കൂടാതെ രാഷ്ട്രീയത്തിൽ നിന്ന് മെല്ലെ മെല്ലെ പടിയിറങ്ങി.

അന്ന് ബി.എഡ് എൻട്രൻസ് എഴുതി കിട്ടിയിരുന്നെങ്കിലും പോയില്ല, പിന്നീട് കരിയർ എടുത്ത് നടന്നിരുന്ന ഞാൻ അതിന്റെ പ്രാധാന്യം മനസ്സിലാക്കി BEd ന് ചേരാൻ തീരുമാനിച്ചു. പക്ഷെ എവിടെയും ഒഴിവില്ല , പെരിയ അംബേദ്കർ കോളേജിൽ ഒരു ഒഴിവ് ഉണ്ട് എന്ന് അറിഞ്ഞു അവരെ വിളിച്ചപ്പോൾ വലിയ ഫീസ് പറഞ്ഞു, അത് നടക്കില്ല എന്ന് തോന്നിയപ്പോൾ പഴയ സഹപ്രവർത്തകൻ പറഞ്ഞു, ചെർക്കളം മന്ത്രിയായ സമയത്താണ് ആ കോളേജ് ലഭിച്ചത് എന്നൊക്കെ , പിന്നീട് ഞാൻ ചെർക്കളത്തെ എം.എസിനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചു , 10 മിനിറ്റ് കഴിഞ്ഞ് ചെർക്കളം എന്നെ നേരിട്ട് വിളിച്ചു പറഞ്ഞു... നീ പൈസയൊന്നും കൊടുക്കണ്ട... ഗവ: ഫീസ് നൽകി ഇന്ന് തന്നെ പോയി ചേർന്നോ എന്ന്, എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു ചെർക്കളത്തിന്... 10 മിനിറ്റ് കൊണ്ട് ഞാൻ ഉപേക്ഷിച്ച സ്വപ്നം എന്നിലേക്ക് റിയലാക്കി എത്തിച്ച എന്റെ ഹീറോ ആയിരുന്നു ചെർക്കളം അബ്ദുല്ല, പക്ഷെ ഫീസ് അടക്കാൻ കയ്യിൽ പൈസ ഇല്ല... അത് കുമ്പള മഹാത്മാ കോളേജിലെ സത്താർ മാഷ് അടച്ചു, നീ ഒഴിവ് കിട്ടുമ്പോ ഇവിടെ വന്ന് പഠിപ്പിച്ചാ മതി എന്ന് പറഞ്ഞ്. അങ്ങിനെ മാഷ് ഭാഗം പഠിച്ച് ശരീഫ് മാഷായി.

പിന്നീട് ബിരുദാനന്തര ബിരുദത്തിന് തമിഴ്നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലേക്ക്.. അവിടെ പഠിച്ച രണ്ട് വർഷം വേറെ വരുമാനങൾ ഒന്നും ഇല്ല, നാട്ടിൽ എപ്പോഴെങ്കിലും, വന്നാൽ കിട്ടുന്ന കരിയർ ക്ലാസ് അത് മാത്രമായിരുന്നു, പക്ഷെ ഇപ്പോഴത്തെ അക്കര ഫൗണ്ടേഷന്റെയും , ഗ്രീൻവുഡ് പബ്ലിക്ക് സ്കൂളിന്റെയും ചെയർമാനായ അസീസ് അക്കര എല്ലാ മാസവും 2000 രൂപ വെച്ച് സ്കോളർഷിപ്പ് നൽകി എനിക്ക് സഹായമായി നിന്നു.
പി.ജി ഒന്നാം റാങ്ക്കാരനായി പാസായി ആ വർഷത്തെ രാജ്യത്തെ മികച്ച യൂത്ത് പാർലിമെൻ്റേറിയനായും തിരഞ്ഞെടുക്കപ്പെട്ടു.

തിരിച്ച് നാട്ടിൽ വന്നു ആദൂർ ഹയർ സെക്കന്ററി സ്കൂളിലും, കുമ്പള ഹൈസ്കൂളിലും ലീവ് വേക്കൻസി അധ്യാപകനായി, ഇടക്ക് മഹാത്മയിലും പോകും പഠിപ്പിക്കും. സത്താർ സാറിനോടുള്ള കടപ്പാടിന്.
അതേ സമയത്ത് ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലും, ഫ്രഞ്ച് ഇൻസ്റ്റിറ്റൂട്ട് ഓഫ് പോണ്ടിച്ചേരി, NIAS ബാംഗ്ലൂർ, JNU, അംബദ്കർ സർവകലാശാല തുടങ്ങിയ സർവകലാ ശാലകളിൽ M.Phil, PhD ക്ക് അപേക്ഷ നൽകി , പലതും ലഭിച്ചു. ചിലത് ലഭിച്ചില്ല. ഡൽഹിയിൽ പോയി അവിടെക്ക് വടകരയിലെ കണ്ണ് കാണാത്ത നവാസായിരുന്നു സഹായിച്ചത് (ഡൽഹി സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസി: പ്രഫസറായിരുന്നു ) അവിടത്തെ കാലാവസ്ഥ പ്രയാസമായത് കൊണ്ട് തിരികെ നാട്ടിലേക്ക് വന്നു,

ശേഷം എം.ജി സർവകലാശാലയിൽ എം.എഡ് കിട്ടി വീണ്ടും പഠിക്കണമെങ്കിൽ ഫീസ് കെട്ടാൻ പൈസ വേണം അപ്പോഴാണ് ഉമ്മയുടെ കാർന്നോരും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ എം.എസ് മുഹമ്മദ് കുഞ്ഞി എനിക്ക് അവിടെ അടക്കാനുള്ള ഫിസ് നൽകുന്നത്, പടച്ചവന്റെ കൈ പല രീതിയിലും വന്നു അദ്ദേഹം മുഖേന KMCC യുടെ ചെറിയ ഒരു സ്കോളർഷിപ്പും ലഭിച്ചു. ഏറ്റവും മികച്ച മാർക്കിൽ തന്നെ MEd പാസായി , തുടർന്ന് ചെർക്കള സൈനബ് ബി.എഡ് കോളേജിൽ അധ്യാപകനായി ചേർന്നു. അതിനിടക്ക് കണ്ണൂർ ജില്ലയിലെ സാദിഖിന്റെയും ആയിശയുടെയും മൂത്ത മകൾ ഷെരിഫ നൗഫിനയെ കല്യാണം കഴിച്ചു . കല്യാണം കഴിക്കുന്ന സമയത്ത് 500 രൂപ മാത്രമായിരുന്നു കയ്യിൽ ഉണ്ടായത് കാരണം പഠനം കഴിഞ്ഞ് സമ്പാദ്യം കൂട്ടി വെക്കാൻ ഒന്നും ഉണ്ടായിരുന്നില്ല , ആളുകൾ ചോദിച്ച് തുടങ്ങി എന്തിനാ ഇത്രയും പഠിക്കുന്നത്, മതിയാക്കികൂടെയെന്ന് ... ഒന്നും എന്നെ പിന്നോട്ട് വലിച്ചില്ല. മുജീബുളള പറഞ്ഞു എല്ലാം പടച്ചോൻ നോക്കിക്കോളും,
നീ കല്യാണം ഫിക്സ് ചെയ്യ്, ആരൊക്കെയോ എന്നെ സഹായിച്ചു , ചോദിക്കുബോൾ ഒന്നും നോക്കാതെ കടം തന്നു. കല്യാണമങ്ങിനെ നടന്നു.

കല്യാണം കഴിഞ്ഞ് കുറച്ചാവുമ്പോ ഭാര്യക്ക് MANF JRF (മൗലാനാ ആസാദ് ഫെല്ലോഷിപ്പ്) കിട്ടി. അവളോട് PhD ക്ക് പോയി കൊള്ളാൻ പറഞ്ഞു. ഞാൻ കണ്ണൂർ വാദിഹുദ ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പൾ ആയും പോയി. അവിടെ 3 വർഷം ജോലി ചെയിതു.
പിന്നീട് Educationൽ PhD ക്ക് അപേക്ഷ നൽകി EFLU ഹൈദരാബാദും, കാസറഗോട് കേന്ദ്ര സർവ്വകലാശാലയിലും ഒരേ സമയത്ത് PhD അഡ്മിഷൻ ലഭിച്ചു. ഭാര്യയും കൂടാതെ പോറ്റമ്മയായ Dr.K ബീനയും കൂടെ നിന്നത് കൊണ്ട് കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ ചേർന്ന് മൂന്ന് വർഷം കൊണ്ട് ഡോ. മുഹമ്മദ്ഉണ്ണി ഏലിയാസ് മുസ്തഫ എന്ന പ്രഗൽഭമതിയായ അറിയപ്പെടുന്ന പ്രൊഫസറുടെ കീഴിൽ ഗവേഷണം നടത്തിക്കൊണ്ട് ജൂലൈ 21ന് ഓപ്പൺ ഡിഫൻസും പൂർത്തിയാക്കി ഡോക്ടറേറ്റ് പട്ടത്തിലെത്തി.

തിരിഞ്ഞു നോക്കുമ്പോൾ നീക്കി ബാക്കിയായി കയ്യിൽ 4 PG (MSc Applied Psychology,
MA Political Science,
M.Ed , MA Psychology)
NET - Education, SET-Political Science,
PG Diploma in Guidance and Counseling
കൂടാതെ രണ്ട് PG ഡിപ്ലോമ ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുന്നു. നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കി. മൂന്ന് വിദേശ രാജ്യങ്ങളിൽ പോയി ക്ലാസ് എടുത്തു. ഇപ്പോൾ ബാംഗ്ലൂർ ക്രിസ്തുജയന്തി ഓട്ടണമസ് കോളേജിലെ അസിസ്റ്റന്റ് പ്രാഫസർ.

പടച്ചവനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല, തളർന്ന് വീണ് പോകാൻ നിൽക്കുന്ന സമയത്ത് ആരുടെയെങ്കിലും രൂപത്തിൽ ദൈവത്തിൻ്റെ കൈ വരും.
ഒരു പാട് പ്രയാസങ്ങളുണ്ടായി, പട്ടിണി കിടക്കേണ്ടി വന്നു, നല്ല വസ്ത്രങ്ങൾ പോലും ഉടുത്ത് തുടങ്ങിയത് തന്നെ കല്യാണ ശേഷമാണ് (അതിന് മുമ്പ് എന്റെ കാക്ക മൊയ്തീന്റെ പഴയ വസ്ത്രങ്ങൾക്ക് കാത്ത് നിൽക്കലായിരുന്നു). ഞാൻ പോലും കരുതിയിരുന്നില്ല എന്നെപ്പോലെ ഒരു സാധാരണക്കാരന് ഡോക്ടറേറ്റ് പൂർത്തിയാക്കാൻ സാധിക്കുമെന്ന്.
എനിക്ക് വേണ്ടി ജീവിതത്തിൽ എല്ലാം ത്യജിച്ച്, പെരുന്നാളിന് പോലും (ആഘോഷങ്ങളിൽ കൂടണം എന്നാഗ്രഹം ഉണ്ടായിട്ടും 10 രൂപ അധികം ലഭിച്ചാൽ നല്ല ഭക്ഷണം കഴിക്കാം എന്ന് കരുതിയ) ഓട്ടോ ഓടിച്ച് കഠിനാധ്യാനം ചെയ്ത് എന്റെ പ്രിയപ്പെട്ട ബാപ്പയുടെ കണ്ണീരുപ്പാണ് ഇത്, ഓരോ വിജയത്തിലും കണ്ണ് നിറഞ്ഞ് സന്തോഷിച്ച സഹനത്തിൻ്റെ സർവ്വകലാശാലയായ ഉമ്മ,
പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ഞാൻ പഠിക്കാൻ പോയ ഒറ്റക്കാരണം കൊണ്ട് 10 കഴിഞ്ഞും, + 2 കഴിഞ്ഞും ദുബായിലെ ഹോട്ടലുകളിൽ പാത്രം കഴുകിയും, വസ്ത്രം അലക്കിയും , സൗദിയുടെ ചുട്ട് പൊള്ളുന്ന ചൂടിൽ തന്നേക്കാൾ വലിയ ട്രക്ക് ഓടിച്ച് രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന ഫൈസൽ, ഇഖ്ബാൽ, സിദ്ധീഖ് എന്നീ പൊന്നനിയൻമാർ, ദാരിദ്ര്യത്തിന്റെ വക്കത്ത് നിന്നിട്ടും ഒരു ആഗ്രഹം പോലും പറഞ്ഞ് ഞങ്ങളെ പ്രയാസത്തിലാക്കാത്ത പൊന്നനിയത്തി സുമയ്യ, സ്വന്തം കിട്ടിയ ശമ്പളത്തിൽ എന്നെ പഠിപ്പിക്കാൻ കൂട്ട് നിന്ന സഹധർമിണി.... (എന്നേക്കാൾ മുമ്പ് PhD നേടി എന്നെ പ്രചോദിപ്പിച്ച ജീവിതപങ്കാളി.). ഇവരൊക്കെ എനിക്ക് വേണ്ടി ജീവിതം ഉരുകി ഉരുകി തീർത്തു.
എന്റെ പഠനത്തിൽ ശല്യമായി വരാതിരുന്ന പ്രിയപ്പെട്ട മുഹമ്മദ് ആദിൽ ഷെരിഫ് മോൻ... മോൻ്റെ ഓരോ കളി ചിരിയുമായിരുന്നു എൻ്റെ ടെൻഷനുകളുമകറ്റാനുള്ള മരുന്ന്. പടച്ചവന്റെ ഓരോ രൂപങ്ങളായി ജീവിതത്തിൽ വന്ന മുജീബുള്ള , അക്കരെ അസീസ്ച്ച, ചെർക്കളം, സത്താർ മാഷ് , PEM, കരീം മാഷ് , ഗോപിനാഥൻ മാഷ് , മുസ്തഫ സർ പിന്നെ ഉമ്മയുടെ എല്ലാ ആങ്ങളമാരും, ഉപ്പയുടെ അനുജൻമാരും .... സിജി കുടുബാംഗങ്ങൾക്കും, പഴയ മഹാത്മയിലെയും, വാദിഹുദയിലെയും സഹപ്രവർത്തകർ എല്ലാത്തിലും ഉപരി ഞാൻ നെഞ്ചോട് ചേർത്ത് എന്റെ പേരിനൊപ്പം ചേർത്ത് നിർത്തുന്ന പൊവ്വൽ എന്ന ചെറിയ പ്രദേശത്തെ എന്റെ സന്തോഷങ്ങൾ ആഘോഷമാക്കിയ പ്രയാസത്തിൽ കൂടെ നിന്ന നാട്ടുകാർക്ക്, സൂപ്പർ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലേയും, പിടി അബ്ദുല്ല ഹാജി മെമോറിയൽ ലൈബ്രറി അംഗങ്ങളോടും - അവരോട് നന്ദി എന്ന ഒറ്റ വാക്ക് മാത്രം പറഞ്ഞ് ഒഴിഞ്ഞ് പോകുന്നില്ല,... ജീവിതത്തിൽ ഹൃദയത്തിൽ എന്നും ഉണ്ടാകും നിങ്ങൾ എല്ലാവരും അവസാനശ്വാസം വരെയും.

ആരുടേതും, ഒന്നും വെറുതെ ആവില്ല, ജീവിതത്തിലെ ഓരോ പ്രയാസങ്ങളും ഓരോ പാഠങ്ങളാണ്
തെറ്റ് തിരുത്തി മുമ്പോട്ട് പോകാനുള്ള ഒരു അടയാളമാണത്. അന്യായമായി ആരോടെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആഭ്യർത്ഥിച്ച് എന്റെ സുഖ ദുഃഖങ്ങളിൽ ഇനിയും ഉണ്ടാകണമെന്നും, അംഹങ്കാരവും, പണാധിപത്യവും എന്നിൽ എത്താതിരിക്കാനും, സമൂഹത്തിൽ ഇനിയും നന്മ ചെയ്യാനും എനിക്ക് കഴിയാനായി പ്രാർത്ഥിക്കണം എന്ന് പറഞ്ഞ്
എഴുതിയതിനേക്കാൾ കൂടുതൽ എഴുതാനുളളതാണെന്ന് ഓർമ്മിച്ച് കൊണ്ട് വാക്കുകളെ പിടിച്ച് നിർത്തുന്നു.

ജീവിതം എന്നത് ഒരിക്കലും എനിക്ക് പുളകക്കാഴ്ചകൾ നൽകുന്ന പൂപ്പാത്രമായിരുന്നില്ല. അതെനിക്ക് ചുട്ടുപൊള്ളുന്ന ചൂള തന്നെയായിരുന്നു.

പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ള വണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രെ
മനുഷ്യനെ പാരിലയച്ചതീശൻ

എന്ന കവിവാക്യം അടുത്തറിഞ്ഞ അനേകരിൽ ഒരാൾ ഞാനാണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.

Full View
Tags:    
News Summary - Shareef povval Story-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.