ഷാൻ

ഷാൻ വധം: ആർ.എസ്​.എസ്​ നേതാക്കളുടെ പങ്ക്​ അന്വേഷിക്കും -പൊലീസ്​

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​. ഷാ​നിന്‍റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം ആർ.എസ്​.എസ്​ നേതാക്കളുടെ പങ്ക്​ അന്വേഷിക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​. ആലപ്പുഴ ഇരട്ട​ക്കൊലപാതകത്തിലെ അന്വേഷണപുരോഗതി സംബന്ധിച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാൻ വധത്തിൽ നേരിട്ട്​ പ​​ങ്കെടുത്ത അഞ്ചുപേരടക്കം മുഖ്യപ്രതികളെ കണ്ടെത്തിയിട്ടുണ്ട്​. ഇനി ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം മുന്നോട്ടുപോകും. ഗൂഢാലോചന ആരിലേക്ക്​, എവിടെവരെ എത്തുമെന്ന്​ ഇപ്പോൾ പറയാനാകില്ല.

ആയതിനാൽ ഇനിയും പ്രതികളുടെ എണ്ണം കൂടും. ആരുടെ നിർദേശപ്രകാരമാണ്​ കൊലപാതകമെന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തണം. കുറച്ച്​ പ്രതികളെക്കൂടി കണ്ടെത്താനായിട്ടുണ്ട്​. അവരെ അറസ്​റ്റ്​ ചെയ്യാനുള്ള നടപടിക്രമവുമായി മു​ന്നോട്ടുപോകും.

ഗൂഢാലോചന തെളിയിക്കുന്നത്​ ​പ്രതികളുടെ മൊഴിയുടെയും ബാക്കി തെളിവുകളുടെയും അടിസ്ഥാനത്തിലാണ്​. ഇതുവരെയുള്ള അന്വേഷണത്തിൽ​ ഗൂഢാലോചനയുണ്ടെന്നാണ്​ കണ്ടെത്തൽ. കൃത്യം നടത്തിയശേഷം ആർ.എസ്​.എസ്​ കാര്യാലയത്തിലാണ്​ പ്രതികൾ എത്തിയത്​. ഇത്​ നേതൃത്വത്തിന്‍റെ അറിവോടെയാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും.

അത്​ ഏതറ്റംവരെ പോകുമെന്ന്​ വഴിയേ മനസ്സിലാകും. സി.സി ടി.വി ദൃശ്യത്തിൽ ഉൾപ്പെട്ട അഞ്ച്​ പ്രതികളെക്കൂടാതെ സഹായം നൽകിയവരടക്കമുള്ളവരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

രഞ്​ജിത് ​വധത്തിൽ ചില പ്രതികളെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. കേസിനെ ബാധിക്കുമെന്നതിനാൽ വിശദാംശം ഇപ്പോൾ പുറത്തുവിടാനാകില്ല. കുറ്റകൃത്യത്തിന്​ സഹായിച്ചവരടക്കം ഈ കേസിൽ പിടിയിലായവരെ വിശദമായി ചോദ്യംചെയ്​ത്​ വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Shan murder: RSS leaders' role to be probed: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.